വൃന്ദാവന്‍: വര്‍ഷങ്ങള്‍ നീണ്ട അധിനിവേശ കാലഘട്ടത്തില്‍ ഭാരതത്തിലെ ഹിന്ദുക്കളെ മതംമാറുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തിയത് അടിയുറച്ച ആത്മീതയതായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മഥുരയിലെ വൃന്ദാവനില്‍ കൗശല്‍ മഹാരാജിന്റെ നികുഞ്ജ് വനാശ്രമത്തില്‍ മാന്‍സി ധ്യാന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭാഗവത്.
ധര്‍മ്മപ്രഭാഷണങ്ങള്‍ ചുറ്റിലുമുണ്ട്. എന്നാല്‍, പറയുന്നത് പ്രാവര്‍ത്തികമാക്കുന്നതിലാണ് കാര്യം. അടിസ്ഥാനതത്വങ്ങളില്‍ അടിയുറച്ചു നില്‍ക്കാനാകണം. ധ്യാനമെന്ന സവിശേഷ കഴിവ് നമ്മുടെ സ്വന്തമാണ്. ബാഹ്യമായ എല്ലാ വസ്തുതകളിലും സാഹചര്യങ്ങളിലും നിന്ന് അതു നമ്മെ മോചിപ്പിക്കും, ഭാഗവത് പറഞ്ഞു.
ദേശീയ വികാരം കൊണ്ടു മാത്രമേ ഇന്ത്യയെ ഒന്നിപ്പിച്ചുനിര്‍ത്താനാകൂയെന്നു വ്യക്തമാക്കിയ സര്‍സംഘചാലക്, ദേശീയത കേവലം മുദ്രാവാക്യം വിളികളല്ലെന്നും ഓര്‍മിപ്പിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിച്ചതു കൊണ്ടു മാത്രം കാര്യമില്ല. സമൂഹത്തിനായി എന്തു ചെയ്തുവെന്നും അതുകൊണ്ട് രാജ്യത്തിനുണ്ടായ നേട്ടവും വരുംതലമുറയോട് പറയാനാകണം.
പാവങ്ങളെ പണക്കാരാക്കുമെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത്. എന്നാല്‍, പാവപ്പെട്ടവര്‍ക്കായി എന്തു ചെയ്തുവെന്നു ചോദിച്ചാല്‍ അവര്‍ക്ക് ഒന്നും പറയാനില്ല, ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബാബ രാംദേവ്, കൗശല്‍ കിഷോര്‍ മഹാരാജ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
















