സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജീവന് കൂത്തുപറമ്പ് ബിഗ് സ്ക്രീനില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. രാജീവന് കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന തിരുത്ത് എന്ന ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം കണ്ണൂരിലെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നു.
വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം വര്‍ത്തമാനകാല കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളും അത് കുടുംബ ബന്ധങ്ങളെ തന്നെ തകര്ക്കുന്നതെങ്ങിനെയെന്നും വ്യക്തമാക്കുന്നതാണ് തിരുത്ത് എന്ന സിനിമ.
മൊബൈല്‍ ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗം നമ്മുടെ സ്വകാര്യതകളെ കവര്‍ന്നെടുക്കുന്ന ഈ കാലഘട്ടത്തില്‍ നാം ഓരോരുത്തരും എത്രമാത്രം ജാഗ്രതയോടെ ജീവിക്കണം എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. അതോടൊപ്പം കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വരവും സാമൂഹ്യ ജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കൂടി തിരുത്ത് വ്യക്തമാക്കുന്നു.
ഈ ചിത്രത്തിന് വേണ്ടി ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത് പ്രവീണ്‍ ആയിത്തറയാണ്. സഹസംവിധാനം ഷിബിന്‍ ചെട്ടിക്കുളം. മിനി സ്ക്രീനില്‍ സുപരിചിതരായ സുമിത്ത് രാഘവ്, രാഘവന് പാലായി, രാജേന്ദ്രന് തായാട്ട്, ബിന്ദു ജയന്, ബേബി നന്ദന എന്നിവരാണ് മുഖ്യ വേഷം ചെയ്തിരിക്കുന്നത്.
പത്ത് വര്‍ഷത്തോളമായി നൃത്ത രംഗത്തും സജീവമാണ് രാജീവന്. കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ അദ്ദേഹം നൃത്തമവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ സമൂഹത്തിന് ഗുണപ്രഥമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിലെത്തിച്ചത്. ഷോര്‍ട്ട് ഫിലിമായാലും ബിഗ് ബജറ്റ് സിനിമയായാലും അതില്‍ എന്തെങ്കിലും സന്ദേശം അടങ്ങിയിരിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
കുടുംബത്തോടൊപ്പമുള്ള ഒരു യാത്രയ്ക്കിടെ കണ്മുന്നില് നടന്ന ഒരു ബൈക്കപകടത്തില്‍ നിന്നാണ് കവചം എന്ന ഹ്രസ്വ ചിത്രം പിറന്നത്. ഹെല്‍മെറ്റ് ധരിക്കാതെ മൊബൈലില്‍ സംസാരിച്ച് ബൈക്കോടിച്ചതാണ് അപകട കാരണമായത്.
ഇദ്ദേഹം തന്നെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച കവചം എന്ന ഷോര്‍ട്ട് ഫിലിമില്‍ ഹെല്‍മെറ്റ് ധരിക്കേണ്ട ആവശ്യകതയെക്കുറിച്ചും ബൈക്ക് യാത്രയ്ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ജീവന് തന്നെ അപകടത്തിലാക്കുമെന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് കവചം.
ഇതിന്റെ വര്‍ത്തമാനകാല പ്രസക്തി തിരിച്ചറിഞ്ഞ് കണ്ണൂര്‍ ജില്ലാ പോലീസ് മേധവിയുള്പ്പടെയുള്ളവര് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.
പോലീസിന്റെ സഹകരണത്തോടെയായിരുന്നു ചിത്രീകരണം. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലാണ് രാജീവന്റെ താമസം. ഭാര്യ. രഗിന. മക്കള്‍. വൈഗ രാജീവ്, വജ്ര രാജീവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: