കളമശ്ശേരി: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഒരു മാസം കഴിഞ്ഞിട്ടും എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ നിയമം പ്രാവര്‍ത്തികമാക്കിയിട്ടില്ല. ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോഴും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ യൂണിഫോം ധരിച്ചില്ലെന്നും പരാതിയുണ്ട്.
സപ്തംബര്‍ ഒന്നിന് പുറത്തിറക്കിയ ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം തസ്തിക അനുസരിച്ച് യൂണിഫോമിന്റെ നിറവും മാതൃകയും വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ നഴ്സിംഗ് വിഭാഗത്തിലേയും ക്ലീനിംഗ് വിഭാഗത്തിലെയും സ്ത്രീകള്‍ മാത്രമാണ് പുതിയ യൂണിഫോം ഉപയോഗിക്കാന്‍ തയ്യാറായിട്ടുള്ളത്.
ഇപ്പോഴുള്ള വെള്ളനിറം മാറ്റി ഇളം നീലനിറമാണ് നഴ്സുമാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹെഡ് നഴ്സിന് ലാവണ്ഡര് നിറമുള്ള ചുരിദാര്‍ അല്ലെങ്കില്‍ സാരിയും വെള്ള ഓവര്‍ കോട്ടുമാണ്. സ്റ്റാഫ് നഴ്സുമാര്‍ക്കും എന്‍എച്ച്എം തുടങ്ങിയവര്‍ക്കും ആകാശ നീലസാരി അല്ലെങ്കില്‍ ചുരിദാറും വെള്ളകോട്ടുമാണ് യൂണിഫോം. ആണ്നഴ്സുമാര്ക്ക് ആകാശനീല ഷര്‍ട്ട്, കറുത്ത പാന്റ്സ്, വെള്ള കോട്ട് എന്നിവയാണ് വേഷം.
നഴ്സിങ് സൂപ്രണ്ടുമാര്‍ക്ക്, രണ്ടുവര്‍ഷം മുമ്പ് മുതലുള്ള പിങ്ക് നിറത്തിലുളള സാരിയും വെള്ള കോട്ടും തുടരാം. നഴ്സിങ് ഓഫീസര്‍മാര്‍ക്ക് ഏതുനിറത്തിലുള്ള സാരിയും ഉപയോഗിക്കാം. ഇവര്‍ക്ക് വെള്ള കോട്ടും നെയിംബോര്‍ഡും വേണം. അറ്റന്‍ഡര്‍മാര്‍ക്ക് കാക്കി പാന്റും ഷര്‍ട്ടുമാണ്.
വനിതകള്‍ക്ക് നീല സാരിയില്‍ ലൈറ്റ് നീല ബോര്‍ഡറും ലൈറ്റ് നീല ബ്ലൗസുമാണ് വേഷം, എന്നാല്‍ പുരുഷന്മാര് ഈ വേഷം ധരിക്കാന്‍ മടി കാണിക്കുന്നതായി ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. ഓഫീസിലേക്ക് സ്ഥാനചലനം വന്നെന്ന പേരിലാണത്രെ ഏതാനും അറ്റന്‍ഡര്‍മാര്‍ യൂണിഫോം ധരിക്കാന്‍ മടി കാണിക്കുന്നത്. ഇതുവരെ നഴ്സിങ് സൂപ്രണ്ടുമാര്ക്കൊഴികെ എല്ലാ നഴ്സുമാര്‍ക്കും വെള്ളനിറത്തിലുള്ള വേഷമായിരുന്നു. ആറു മാസത്തേക്ക് വോളണ്ടറി സേവനം നടത്തുന്നവര്‍ക്ക് ഇപ്പോഴുള്ള വേഷം തുടരും.
ചിങ്ങം ഒന്നാം തീയതിമുതല്‍ എല്ലാം ആശുപത്രികളിലും യൂണിഫോം മാറ്റം നടപ്പാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇത് കൂടാതെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ 14 നും പ്രിന്‍സിപ്പല്‍ സമാന ഉത്തരവ് ഇറക്കിയിരുന്നു.
ഡ്യൂട്ടി സമയത്ത് മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതായി കണ്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയത്. ഡ്രൈവര്‍മാര്‍ അടക്കം ജീവനക്കാര്‍ യൂണിഫോം ധരിച്ചില്ലെങ്കില്‍ യൂണിഫോം അലവന്‍സ് തുക തിരികെ പിടിക്കാനാണ് ഡിഎംഇ റംലാ ബീവി നിര്‍ദ്ദേശം നല്‍കിയിയിരിക്കുന്നത്. കൂടാതെ അന്നു മുതല്‍ 12% പിഴപലിശ ഈടാക്കാനും ഉത്തരവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: