ജനരക്ഷാ യാത്രാനായകന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‌വാളും പാനൂരിലെ ബലിദാനി വി.എ.ഗംഗാധരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍
പാനൂര്‍ (കണ്ണൂര്‍): ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി ജനരക്ഷായാത്രാ നായകനും നേതാക്കളും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും യാത്രയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‌വാളുമാണ് പാനൂരിലെ സ്വര്‍ഗീയ കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെയും, വി.എ.ഗംഗാധരന്റെയും വീടുകളിലെത്തിയത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ മാക്കൂല്‍ പീടികയിലെ വസതിയിലെത്തി ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി, ബന്ധുക്കളെ സന്ദര്‍ശിച്ചു.
1999 ഡിസംബര്‍ 1ന് ആണ് കെടി.ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം സംഘം മൊകേരി ഈസ്റ്റ് യുപി.സ്‌ക്കൂളില്‍ വെച്ച് വെട്ടിക്കൊന്നത്. നേരത്തെ സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്റെ ഭാര്യ അരുന്ധതിയെയും ഇവര്‍ സന്ദര്‍ശിച്ചു. വീരബലിദാനി വി.എ.ഗംഗാധരന്റെ വീട്ടിലെത്തി ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ഗംഗാധരന്റെ അമ്മ ലക്ഷ്മി, സഹോദരങ്ങളായ സജീവന്‍, രാജീവന്‍ അടക്കമുളള ബന്ധുക്കളെ അര്‍ജുന്‍ മേഘ്‌വാളും, കുമ്മനം രാജശേഖരനും സമാശ്വസിപ്പിച്ചു. പികെ.കൃഷ്ണദാസ്, വി.മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, എം.ടി.രമേശ്, ഷാജുമോന്‍ വട്ടേക്കാട്, വത്സന്‍ തില്ലങ്കേരി, സി.സദാനന്ദന്‍ മാസ്റ്റര്‍, വി.ശശിധരന്‍, കെ.പ്രമോദ്, വിപി.ഷാജി, കെ.പി.സഞ്ജീവ്കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
രാവിലെ പാനൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പദയാത്ര രാത്രിയില്‍ കൂത്തുപറമ്പില്‍ സമാപിച്ചു. മഴയിലും ചോരാത്ത ആവേശവുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജനരക്ഷായാത്രയില്‍ അണിനിരന്നത്. ഓരോ കേന്ദ്രങ്ങളിലും റോഡരികില്‍ നൂറ്കണക്കിനു പേര്‍ കുമ്മനത്തെ ആശീര്‍വദിക്കാന്‍ എത്തി. സിപിഎമ്മിന്റെ നെടുംകോട്ടകളായ പാട്യം, കൊട്ടോടി തുടങ്ങിയ മേഖലകളില്‍ പാര്‍ട്ടിയുടെ തീട്ടൂരത്തെ വെല്ലുവിളിച്ച് പാര്‍ട്ടി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും യാത്രയെ വരവേല്‍ക്കാന്‍ വീഥികള്‍ക്കിരുവശവും അണിനിരന്നിരുന്നു.
















