പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിഥിയായി ദല്‍ഹിയിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് പാലക്കാട് പുതുനഗരം സ്വദേശിനി സൈറാബാനു. പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതിയില്‍ റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയതിനാണ് സൈറാബാനുവിന് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.
10ന് ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സൈറാബാനു ഇന്ന് യാത്ര തിരിക്കും. 188 ദിവസം കൊണ്ടാണു വീടുപണി പൂര്‍ത്തീകരിച്ചത്. തകര്‍ന്നു വീഴാറായ കുടിലില്‍ താമസിച്ചിരുന്ന സൈറാബാനുവിനും കുടുംബത്തിനും പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയിലൂടെ സഹായം ലഭിച്ചത് വലിയ ആശ്വാസമായിരുന്നു .
ഭവന നിര്‍മാണ അനുമതിയും ആദ്യ ഗഡുവും ലഭിച്ചതു മുതല്‍ തുടങ്ങിയതാണ് വീടിനായുള്ള കഠിന പ്രയത്‌നം. സര്‍ക്കാര്‍ സഹായത്തിനൊപ്പം കടം വാങ്ങിയും സ്വരുക്കൂട്ടി വച്ചതുമെല്ലാമായി പണി ആരംഭിച്ചു. ഒപ്പം വിഇഒ മുതല്‍ ബ്ലോക് ഓഫീസിലുള്ള ജീവനക്കാരുടെ സഹകരണവും കരുത്തേകിയെന്ന് ഇവര്‍ പറയുന്നു. തൊണ്ണൂറു ദിവസത്തെ പഞ്ചായത്തു പണിയും വീടിനായി ലഭിച്ചു. തുടര്‍ന്ന് വേഗത്തില്‍ വീട് പണി പൂര്‍ത്തീകരിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ഏഴ് പേര്‍ക്കാണ് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് .
സൈറാബാനു മുമ്പ് നഴ്‌സ്, ലാബ് ടെക് നീഷ്യന്‍ തുടങ്ങിയ ജോലികള്‍ ചെയ്തിരുന്നു.
ദല്‍ഹിയിലേക്കുള്ള യാത്രാച്ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. ഓട്ടോഡ്രൈവറായ ഭര്‍ത്താവ് ബ്രാംസയും ഇവരോടൊപ്പം പോകുന്നുണ്ട്.
















