കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ ഇലയില്‍ മണ്ണ് വിളമ്പി പ്രതിഷേധിച്ചപ്പോള്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഇലയില്‍ മണ്ണ് വിളമ്പി ജീവനക്കാരുടെ പ്രതിഷേധം. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാര്‍ ഇലയില്‍ മണ്ണ് വിളമ്പി പ്രതിഷേധിച്ചത്.
കഴിഞ്ഞ മാസത്തെ ശമ്പളവും നാലുമാസത്തെ പെന്‍ഷനും കെഎസ്ആര്‍ടിസിയില്‍ നല്‍കാനുണ്ട്. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ശമ്പളത്തിനായുള്ള തുക സര്‍ക്കാര്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സര്‍ക്കാരിനു നല്‍കിയ അപേക്ഷ ഗതാഗത സെക്രട്ടറിയുടെ ഓഫീസ് വരെ എത്തിയെങ്കിലും ധനകാര്യ വകുപ്പ് സമ്മതം മൂളാത്തതിനാല്‍ ഫയലില്‍ മറ്റ് നടപടികള്‍ സ്വീകരിച്ചില്ല.
തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് കെഎസ്ടി എംപ്ലോയീസ് സംഘ് ഭാരവാഹികളായ കെ.മനു, എന്‍. സുരേഷ്‌കൂമാര്‍, എസ്.എസ്. രഞ്ജിത്, എന്‍.എസ്. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















