സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ജപ്പാന് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് കാസുവോ ഇഷിഗുറോയ്ക്ക്. അദ്ദേഹത്തിന്റെ ‘ദി റിമെയ്ന്‍സ് ഓഫ് ദി ഡേ’ എന്ന നോവലിനാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
1989ല്‍ പുറത്തിറങ്ങിയ ‘ദി റിമെയ്ന്‍സ് ഓഫ് ദി ഡേ’യ്ക്ക് ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. വൈകാരികമായി സ്വാധീനം ചെലുത്തുന്ന രചനകളിലൂടെ ലോകവുമായുള്ള നമ്മുടെ ഭ്രമാത്മകമായ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നു ഇഷിഗുറോയുടെ രചനകളെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.
ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ മേഖലകളിലും ഇഷിഗുറോ വ്യക്തിമുദ്ര പതിപ്പിച്ചു. 1982ല്‍ പുറത്തിറങ്ങിയ ‘എ പെയ്ല്‍ വ്യൂ ഓഫ് ഹില്‍സ്’ ആണ് ആദ്യ നോവല്‍. സയന്‍സ് ഫിക്ഷനുകളാണ് ഇഷിഗുറോയെ ശ്രദ്ധേയനാക്കിയത്. ഏഴ് നോവല്‍, നാല് തിരക്കഥ, അഞ്ച് ചെറുകഥ തുടങ്ങിയവ ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ജന്മമെടുത്തു.
1954 നവംബര്‍ എട്ടിന് ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോയുടെ ജനനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകനായ അച്ഛന്റെ ജോലിയുടെ ഭാഗമായി കുടുംബത്തോടൊപ്പം 1960ല്‍ ഇംഗ്ലണ്ടിലെ സറേയിലെത്തി. അവിടെത്തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1945 മുതലുള്ള ഏറ്റവും മികച്ച അമ്പത് ബ്രിട്ടീഷ് എഴുത്തുകാരെ ടൈം മാഗസിന് തെരഞ്ഞെടുത്തപ്പോള്‍, അതില്‍ 32ാം സ്ഥാനത്തായിരുന്നു ഇഷിഗുറോ. 1986ല്‍ സാമൂഹ്യപ്രവര്‍ത്തക ലോര്‍മ മഗദൗഗലിനെ വിവാഹം കഴിച്ചു. നവോമി മകളാണ്.
ഏകദേശം ഏഴരക്കോടി രൂപ ഇഷിഗുറോയ്ക്ക് ലഭിക്കും.
കഴിഞ്ഞ വര്‍ഷം യുഎസ് ഗായകന് ബോബ് ദിലനാണ് സാഹിത്യ നൊബേല്‍ സ്വന്തമാക്കിയത്.
















