കൊച്ചി: സുരക്ഷയ്‌ക്കു നിയോഗിച്ച പോലീസുകാര്‍ താമസിച്ച ടെന്റ് കത്തി നശിച്ച കേസില്‍ മുന്‍ എംഎല്‍എ ശെല്‍വരാജിനെതിരായ അന്വേഷണം വീണ്ടും തുടങ്ങാനുള്ള കാരണം വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മുന്‍കൂര്‍ ജാമ്യം തേടി ശെല്‍വരാജ് നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശം.
കൃത്യവും വിശ്വസനീയവുമായ റിപ്പോര്‍ട്ടല്ല നല്‍കുന്നതെങ്കില്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ച അന്വേഷണ ഉദ്യോഗസ്ഥനും നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
സിപിഎം സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ വിജയിച്ച ശെല്‍വരാജ് കോ ണ്‍ഗ്രസിലേക്കു മാറി. തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ശെല്‍വരാജ് ജയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പിന്നീട് പിന്‍വലിച്ചു. എന്നാല്‍, വീടിനു മുന്നില്‍ പോലീസുകാര്‍ക്കു വേണ്ടി സ്ഥാപിച്ചിരുന്ന ടെന്റ് നീക്കിയിരുന്നില്ല. 2013 മാര്‍ച്ച് 29ന് രാത്രിയില്‍ ടെന്റ് കത്തി നശിച്ചു. പ്രതികളെ കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. തുടര്‍ന്നാണ് ശെല്‍വരാജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഏതു സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് തീരുമാനിച്ചതെന്നോ എന്തു തെളിവാണ് ലഭിച്ചതെന്നോ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വേണ്ടത്. അതുവരെ ശെല്‍വരാജിന്റെ അറസ്റ്റ് തടഞ്ഞുുള്ള ഉത്തരവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
















