തിരുവനന്തപുരം: ശബ്ദം അനുകരിച്ച് വാട്‌സ് ആപ്പിലൂടെ മതവിദ്വേഷ പ്രഭാഷണം നടത്തിയതിനെതിരെ പോലീസില്‍ പരാതി നല്‍കി. ഹരിപ്പാട് സ്വദേശി അബ്ദുള്ള ലത്തീഫ് ഷെഫിയാണ് ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്. പോലീസ് അനേ്വഷണം ആരംഭിച്ചു.
വര്‍ഷങ്ങളായി ഹിന്ദുമത ആചാരപ്രകാരം ജീവിക്കുന്ന ആളാണ് ഷെഫി. ചെങ്കോട്ടുകോണം ആശ്രവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. നാരായണീയം, ഭഗവദ്ഗീത എന്നിവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരുന്നു. കഴിഞ്ഞദിവസം ഷെഫിയുടേതെന്ന് പറഞ്ഞ് നവമാധ്യമങ്ങളില്‍ ഹിന്ദുവിരുദ്ധ പ്രസംഗം വന്നു. താഴെ ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പരും നല്‍കി. വിവിധ ഭാഗങ്ങളില്‍ നിന്നു ഫോണിലേക്ക് വിളികള്‍ വന്നപ്പോഴാണ് ഷെഫി കാര്യം അറിഞ്ഞത്.
തന്റെ പേരിലാണ് പ്രസംഗമെങ്കിലും ശബ്ദം തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഷെഫി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദുമത താത്പര്യം കാണിച്ച തന്നെ മോശക്കാരനാക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് ഷെഫി പറഞ്ഞു.
















