തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ട സംഭവത്തിലെ അന്വേഷണം വാക്കുകളില്‍ ഒതുങ്ങുന്നു. അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണം സംബന്ധിച്ചുള്ള ഒരു വിവരവും സ്പഷ്യല്‍ ബ്രാഞ്ചിനും സൈബര്‍ സെല്ലിനും ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞു.
വാട്‌സ് ആപ്പിന് പിന്നാലെ അക്കാദമിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഫെയിസ് ബുക്കിലൂടെയും രാഷ്‌ട്രീയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസുകാര്‍ ചട്ടലഘനം നടത്തിയതിന്റെ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടും പരാതി നല്‍കിയിട്ടും പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
ഇത് പോലീസുകാരെ രക്ഷിക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ ഫെയിസ് ബുക്കിലെ പോസ്റ്റുകള്‍ പോലീസുകാര്‍ നീക്കം ചെയ്തിട്ടുണ്ട്. എസ്‌ഐ റാങ്കിലുള്ളവര്‍ വരെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു പോസ്റ്റിട്ടിട്ടുണ്ട്.
അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് വാട്‌സ് ആപ് ഗ്രൂപ്പില്‍ മത്സരിച്ചാണ് പോസ്റ്റുകളിട്ടിരുന്നത്. ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഹവില്‍ദാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരില്‍ അസോസിയേഷനുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്.
















