പാലക്കാട്: പട്ടിണിയും, സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം യത്തീംഖാനയിലാക്കിയ അഞ്ച് കുട്ടികളെ ശിശുക്ഷേമസമിതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. നാട്ടുകാരുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും പരാതിയെ തുടര്‍ന്നാണിത്.
കണ്ണാടി പഞ്ചായത്തിലെ 14-ാം വാര്‍ഡ് പടിഞ്ഞാമുറിയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന പ്രതീഷ് (കണ്ണന്‍), ശര്‍മിള ദമ്പതികളാണ് അഞ്ച് മക്കളെ യത്തീംഖാനയിലാക്കിയത്. കഴിഞ്ഞമാസം 24നാണ് 10, ഏഴ്, അഞ്ച് വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും എട്ടും ആറും വയസ് പ്രായമുള്ള ആണ്‍കുട്ടികളേയും മണ്ണാര്‍ക്കാട് എടത്തനാട്ടുകരയിലുള്ള യത്തീംഖാനയിലാക്കിയത്. ഏതുസമയവും നിലംപതിക്കാവുന്ന കുടിലിലാണ് പട്ടിണിയുമായി ഇവര്‍ കഴിഞ്ഞിരുന്നത്. കൂലിപ്പണി ചെയ്ത് ലഭിക്കുന്ന തുക ഒരു നേരത്തെ ഭക്ഷണത്തിനുപോലും തികയാറില്ലെന്നും ഇത് പ്രതീഷ് നല്‍കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രണയിച്ചു വിവാഹിതരായ ഇരുവര്‍ക്കും കുടുംബക്കാരുമായി അടുപ്പവുമില്ല.
സാമ്പത്തിക പരാധീനതകള്‍ സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ യത്തീംഖാനയിലാക്കിയത്. പൂജാ അവധിക്ക് കുട്ടികളെത്തിയപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നാട്ടുകാരും, വിശ്വഹിന്ദുപരിഷത്തും ഇടപെട്ട് ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ശിശുക്ഷേമസമിതി ഇടപെട്ട് തെളിവെടുപ്പ് നടത്തി കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. മാത്രമല്ല കുടുംബത്തിന് താമസകേന്ദ്രമൊരുക്കാനും തീരുമാനിച്ചു.
സ്ഥലവും വീടും പഞ്ചായത്ത് മുഖേനയും സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് വിദ്യാഭ്യാസ സഹായവും നല്‍കാനാണ് തീരുമാനം. താമസകേന്ദ്രമൊരുങ്ങുന്നതുവരെ കുട്ടികളെ താത്ക്കാലികമായി താമസിപ്പിക്കുവാന്‍ സൗകര്യമൊരുക്കണമെന്ന് പ്രതീഷും ശര്‍മിളയും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടികളെ വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താത്ക്കാലികമായി ഒറ്റപ്പാലം മായന്നൂരിലെ തണല്‍ബാലാശ്രമത്തിലാക്കി.
















