കൊച്ചി : ഗൂഢാലോചനക്കേസുകളില്‍ ഫോണ്‍വിളിയുടെ പേരില്‍ ആളുകളെ പ്രതി ചേര്‍ക്കുന്ന പോലീസിന്റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. അഭിഭാഷകനായ വി.ആര്‍. ജ്യോതിഷ്, എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി.
എല്ലാ കേസുകളിലും പോലീസ് ഫോണ്‍വിളിയുടെ കാര്യം പറയുന്നുണ്ട്. ഫോണ്‍ വിളിയല്ല, എന്തു സംസാരിച്ചുവെന്നതാണ് പ്രധാനം. ഇതു തിരിച്ചറിയാതെ ആരു ഫോണ്‍ ചെയ്താലും കേസെടുക്കുന്നത് പിന്നീട് വിചാരണ തന്നെ അവതാളത്തിലാക്കുമെന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. വി.ആര്‍. ജ്യോതിഷിന്റെ കേസില്‍ വ്യക്തമായ വസ്തുതകളും തെളിവുകളും വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജോതിഷ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
തൃശൂരിലെ ഒരു മാളില്‍ പാര്‍ക്കിങ്ങിന്റെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് എന്‍ജിനീയറെ മര്‍ദ്ദിക്കാന്‍ ജ്യോതിഷ് ക്വട്ടേഷന്‍ നല്‍കിയെന്നും ഇതനുസരിച്ച് തൃശൂര്‍ സ്വദേശികളായ സാബു, അജീഷ് എന്നിവര്‍ ഇരുമ്പു വടികൊണ്ട് കൈ തല്ലിയൊടിച്ചെന്നുമാണ് കേസ്. പ്രതികളെ അഡ്വ. ജ്യോതിഷ് ഫോണില്‍ വിളിച്ചതിന് തെളിവുണ്ടെന്നും പോലീസ് പറയുന്നു.
ഗൂഢാലോചനയെന്നത് ഒരേ മനസോടെ ഒന്നിലേറെപ്പേര്‍ കുറ്റകൃത്യത്തിനു മുമ്പു നടത്തുന്ന് തയ്യാറെടുക്കലാണ്. ഈ കേസില്‍ അഡ്വ. ജ്യോതിഷ് മറ്റു പ്രതികളെ ഫോണില്‍ വിളിച്ചത് കുറ്റകൃത്യത്തിനു ശേഷമാണെന്ന് പോലീസ് പറയുന്നു. ഇതെങ്ങനെ ഗൂഢാലോചനയാകും ? കുറ്റകൃത്യം നടത്തുന്നതിനു മുമ്പ് ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും വസ്തുതകളും പ്രോസിക്യൂഷന്‍ വിശദീകരിക്കണം.
കുറ്റകൃത്യത്തിനുശേഷം ഫോണ്‍ ചെയ്തത് ഗൂഢാലോചനയ്‌ക്കുള്ള തെളിവായി കാണാനാവില്ല, സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ 12 ന് ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മാറ്റിയ ഹൈക്കോടതി അതുവരെ ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്.
















