വിജയകുമാരി മകനും ചേച്ചിക്കുമൊപ്പം തന്റെ മണ്‍കുടിലിനു മുന്നില്‍
മലയിന്‍കീഴ്: തകരഷീറ്റ് മേഞ്ഞ മണ്‍കുടിലിന് നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കം. ഇടിഞ്ഞു വീഴാറായ ചുവരുകള്‍ക്കുള്ളില്‍ ജീവന്‍ പണയം വച്ച് അര്‍ബുദ രോഗിയും കുടുംബവും. അടച്ചുറപ്പുള്ള വീടിനായി പഞ്ചായത്തിന് അപേക്ഷ നല്‍കിയ അര്‍ബുദ രോഗിയും വിധവയുമായ വയോധികയോട് പ്രധാനമന്ത്രിയെ ചെന്നുകാണാന്‍ പഞ്ചായത്ത് അംഗത്തിന്റെ പരിഹാസം.
സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ ലൈഫ്- ല്‍ പ്രഥമ പരിഗണന നല്‍കേണ്ട അപേക്ഷയാണ് മലയിന്‍കീഴ് പഞ്ചായത്ത് നിഷ്‌കരുണം തള്ളിയത്. പഞ്ചായത്തിന്റെയും കോണ്‍ഗ്രസ് പ്രതിനിധിയായ വാര്‍ഡ് മെമ്പറുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് കഴിയുകയാണ് മലയിന്‍കീഴ് മേപ്പൂക്കട അയണിയറത്തല രതീഷ് ഭവനില്‍ വിജയകുമാരി.
അഞ്ച് സെന്റ് ഭൂമിയില്‍ അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ട് വര്‍ഷങ്ങളായി ഈ അമ്പതു വയസുകാരി പഞ്ചായത്തില്‍ കയറിയിറങ്ങുന്നു. 20 വര്‍ഷം മുന്‍പ് അര്‍ബുദം ബാധിച്ച് ഭര്‍ത്താവ് മരിച്ചു. ആകെയുള്ള ആശ്രയമായിരുന്നു 21 വയസുള്ള ഏക മകന്‍ രതീഷ്.
അടുത്തിടെ ക്ഷയരോഗം ബാധിച്ച മകനെയും സംരക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ വിജയകുമാരിക്കാണ്. ഇതിനിടയിലാണ് വിധവയായ ചേച്ചിയുടെ സംരക്ഷണവും ഏറ്റെടുക്കേണ്ടിവന്നത്. ആകെയുള്ള വരുമാനം വിധവാ പെന്‍ഷന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വീടിനും പെന്‍ഷനും നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെന്‍ഷന്‍ അനുവദിച്ചത്. അര്‍ബുദ രോഗിയും വിധവയുമായ തനിക്ക് പ്രഥമ പരിഗണന നല്‍കി വീട് അനുവദിക്കണമെന്ന് ഉമ്മന്‍ചാണ്ടി പഞ്ചായത്തിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വിജയകുമാരി പറയുന്നു.
സര്‍ക്കാരും പദ്ധതികളും ആകെ മാറി. ഭവന പദ്ധതി ‘ലൈഫ്’ എന്ന പേരില്‍ ഇടത് സര്‍ക്കാര്‍ പുനഃരവതരിപ്പിച്ചപ്പോള്‍ വിജയകുമാരി ലിസ്റ്റില്‍ നിന്ന് പുറത്തായി. വാര്‍ഡ് മെമ്പറെ ചെന്ന് കണ്ട് സങ്കടം പറഞ്ഞപ്പോഴാണ് ഇനി അഞ്ച് വര്‍ഷത്തേക്ക് നടപ്പില്ലെന്നും അത്യാവശ്യമാണെങ്കില്‍ പിണറായി വിജയനെയോ നരേന്ദ്ര മോദിയെയോ ചെന്ന് കാണാന്‍ പരിഹസിച്ചതും.
















