ആലപ്പുഴ: ദേവസ്വം മന്ത്രിക്ക് പോലും ക്ഷേത്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയ സിപിഎം, ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ കണ്‍വെന്‍ഷനുമായി രംഗത്ത്. ജില്ലയില്‍ വരുമാനത്തില്‍ മുന്നിലുള്ള വളവനാട് പുത്തന്‍കാവ് ദേവസ്വം ഭരണസമിതിയിലേക്ക് സിപിഎം മത്സരിപ്പിക്കുന്നവരുടെ വിജയത്തിനായി നടത്തിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് പാര്‍ട്ടി മാരാരിക്കുളം ഏരിയ സെക്രട്ടറി കെ.ഡി. മഹേന്ദ്രന്‍. മണ്ണഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. രതികുമാര്‍ അധ്യക്ഷനായി. മുഖ്യപ്രഭാഷണം നടത്തിയത് കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ആര്‍. രാധാകൃഷ്ണനും.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രോപദേശക സമിതികളും, ഭരണസമിതികളും പിടിച്ചെടുക്കാന്‍ പല പ്രദേശങ്ങളിലും പാര്‍ട്ടി ആസൂത്രിത നീക്കമാണ് നടത്തുന്നത്. ഇതിനായി ക്ഷേത്ര വിശ്വാസികളാണെന്ന് എഴുതി നല്‍കാന്‍ പോലും പാര്‍ട്ടി അണികളെ നേതൃത്വം അനുവദിക്കുന്നുണ്ട്.
ആലപ്പുഴ തെക്കന്‍പഴനി ക്ഷേത്രത്തില്‍ പോലീസ് സഹായത്തോടെയാണ് സിപിഎം ഭരണസമിതി പിടച്ചെടുത്തത്. കണിച്ചുകുളങ്ങര ക്ഷേത്ര ഭരണം പിടിക്കാന്‍ സിപിഎം കാലങ്ങളായി പരിശ്രമിക്കുന്നുണ്ടെങ്കിലും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല.
നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തില്‍ കാലങ്ങളായി ഭരണം നടത്തുന്നത് സിപിഎം നിശ്ചയിക്കുന്നവരാണ്. വന്‍ അഴിമതിയാണ് ഭരണത്തിന്റെ മറവില്‍ നടക്കുന്നതെന്ന് സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
















