ലോസ് ഏഞ്ചല്‍സ്: ലാസ് വെഗാസില്‍ സംഗീതനിശയ്‌ക്കിടെയുണ്ടായ വെടിവയ്‌പ്പിനു പിന്നില്‍ കൃത്യമായ ആസൂത്രണം. അക്രമി സ്റ്റീഫന്‍ പഡോക്ക് ഇതിനായി ദിവസങ്ങള്‍ ചെലവഴിച്ചുവെന്ന് എഫ്ബിഐ. ആക്രമണത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് ഫിലിപ്പീന്‍സിലേക്ക് ഇയാള്‍ ഒരു ലക്ഷം യുഎസ് ഡോളര്‍ അയച്ചു.
പഡോക്ക് താമസിച്ചിരുന്ന മാന്‍ഡ്‌ലേ ഹോട്ടലിന്റെ മുറിയില്‍ നിരവധി ക്യാമറകളും സജ്ജീകരിച്ചിരുന്നു. സംഗീതനിശ നടക്കുന്നിടത്തെ ദൃശ്യങ്ങളുടെ വ്യക്തതയ്‌ക്കായാണിതെന്ന് എഫ്ബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഈ മുറിയില്‍ നിന്ന് കമ്പ്യൂട്ടറും 23 തോക്കുകളും കണ്ടെടുത്തു. ഇതില്‍ ഓട്ടോമാറ്റിക് റൈഫിളുകളും ഉള്‍പ്പെടുന്നു. പഡോക്കിന്റെ വീട്ടില്‍ നിന്ന് 26 തോക്കുകളും അന്വേഷണസംഘം കണ്ടെത്തി. ചൂതാട്ടത്തില്‍ ഭ്രമമുണ്ടായിരുന്ന പാഡോക്ക് ദിവസേന 10,000 യുഎസ് ഡോളര്‍ വരെ ഇതിനായി ചെലവഴിച്ചിരുന്നു.
അതിനിടെ, പഡോക്കിന്റെ കാമുകി മാരിലൗ ഡാന്‍ലിയെ എഫ്ബിഐ ചോദ്യം ചെയ്യുകയാണ്. വെടിവയ്‌പ്പുണ്ടായ സമയത്ത് ഇവര്‍ ഫിലിപ്പീന്‍സിലായിരുന്നു. അതിനുശേഷം എഫ്ബിഐ ഇവരെ യുഎസിലെത്തിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്‌പ്പില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു, അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
















