സ്റ്റേഡിയം നവീകരണം: എംഎല്‍എയും നഗരസഭയും തമ്മിലുള്ള മത്സരം രൂക്ഷം
പത്തനംതിട്ട: വീണാ ജോര്‍ജ് എംഎല്‍എയും പത്തനംതിട്ട നഗരസഭയും തമ്മിലുള്ള രാഷ്ട്രീയ മത്സരം കൂടുതല്‍ രൂക്ഷമാകുന്നു. ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മാറ്റമില്ലാതെ തുടരുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സഹായമുള്ള വികസന പദ്ധതിയുടെ പേരില്‍ ഇരുകൂട്ടരും മത്സരിക്കുന്നത് ജനങ്ങളുടെ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന പവലിയന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായത് നിയമസഭാ സ്പീക്കറുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനേ തുടര്‍ന്നാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്റ്റേഡിയം പവലിയന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തിറങ്ങിയ നോട്ടീസില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വിവരം അറിഞ്ഞ് നഗസസഭ സെക്രട്ടറിയെ വിളിച്ചപ്പോള്‍ നോട്ടീസ് തയാറാക്കിയത് താനല്ലെന്നായിരുന്നു മറുപടി.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സ്ഥലം എംഎല്‍എയായ തന്നെ അവഗണിച്ചതിനെതിരെ തുടര്‍ന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കും അവകാശ ലംഘനം ചൂണ്ടിക്കാട്ടി നിയമസഭ സ്പീക്കര്‍ക്കും പരാതി നല്‍കുകയായിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ ജില്ലാ കളക്ടറെ ബന്ധപ്പെടുകയും ഇരുവരും നഗരസഭ സെക്രട്ടറിയില്‍ നിന്നു വിശദീകരണം ആരായുകയും ചെയ്തു. സ്പീക്കറുടെ ഓഫീസ് ഇടപെട്ടതിനേ തുടര്‍ന്ന് പ്രോഗ്രാം മാറ്റാന്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് തിങ്കളാഴ്ച വൈകുന്നേരം തന്റെ ഓഫീസിലെത്തി ക്ഷണിക്കുകയുമുണ്ടായി.
തെറ്റു തിരുത്തുന്നതായി ചെയര്‍പേഴ്സണ്‍ അറിയിച്ചതിനേ തുടര്‍ന്ന് പവലിയന് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള എല്‍ഡിഎഫ് തീരുമാനവും പിന്‍വലിച്ചത്. നഗരസഭ ഭരണ നേതൃത്വം വികസനവിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതായും എംഎല്‍എ കുറ്റപ്പെടുത്തി. നഗരസഭ ഭരണനേതൃത്വം സ്ഥലം എംഎല്‍എയെ വികസനവിഷയങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തി മുന്നോട്ടുപോകുന്ന സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം നാതാക്കള്‍ അറിയിച്ചു. പത്തുവര്‍ഷം പത്തനംതിട്ടയുടെ വികസനത്തെ പിന്നോട്ടടിച്ച മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായരുടെ ഇടപെടലുകള്‍ നഗരസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുണ്ടാകുന്നുണ്ടെന്ന് സിപിഎം നേതാവ് വി.കെ. പുരുഷോത്തമന്‍പിള്ള പറഞ്ഞു.
എന്നാല്‍ ചടങ്ങില്‍ നിന്നും നഗരസഭാ വൈസ്ചെയര്മ്മാന് പി.കെ. ജേക്കബ്ബ് വിട്ടുനിന്നത് യുഡിഎഫിലെ ഭിന്നതയും വെളിവാക്കുന്നു. ഉദ്ഘാടന പരിപാടിയെക്കുറിച്ച് കൂട്ടായ തീരുമാനം എടുക്കാതെ ചെയര്‍ പേഴ്സണ്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: