ന്യൂയോര്‍ക്ക്: നാല് ആണ്‍മക്കളെ വീട്ടിലാക്കി വിനോദസഞ്ചാരത്തിനു പോയ അമ്മ അറസ്റ്റിലായാല്‍ അമേരിക്കയില്‍ അത് കൗതുകമല്ല. കാരണം, അവിടെ അതിനൊക്കെ കൃത്യമായ നിയമങ്ങളുണ്ട്. എറിന്‍ ലീ മാക്കെ എന്ന സ്ത്രീയുടെ പേരിലുള്ള കുറ്റവും അതു തന്നെയാണ്.
അമേരിക്കയിലെ ജോണ്‍സണ്‍ കൗണ്ടിയിലുള്ള ലോവ സിറ്റിയില്‍ നിന്ന് എറിന്‍ ലീ മാക്കെ പതിനൊന്നു ദിവസം അവധിയെടുത്ത് ജര്‍മനിയിലേക്കു പറന്നപ്പോള്‍ ആണ്‍മക്കള്‍ നാലും വീട്ടില്‍ തനിച്ചായിരുന്നു.
12 വയസുള്ള രണ്ടു പേര്‍, ഏഴു വയസുള്ള ഒരാള്‍, നാലാമന്‍ ആറു വയസുകാരന്‍. മുതിര്‍ന്ന ഒരാളുടെ സംരക്ഷണത്തിലല്ലാതെ കുട്ടികളെ വീട്ടില്‍ തനിച്ചാക്കുന്നത് അവിടെ കുറ്റകരമാണ്. അയല്‍വീട്ടുകാര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസെത്തുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് എടുക്കാവുന്ന പാകത്തില്‍ വീട്ടില്‍ ഒരു തോക്കും സൂക്ഷിച്ചിരുന്നു. 21 വയസ് പൂര്‍ത്തായാകാത്ത ഒരാള്‍ക്ക് തോക്ക് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുന്നതും കുറ്റകരം.
പോലീസ് ഉടന്‍ എറിനെ വിളിച്ച് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. വിനോദസഞ്ചാരം മതിയാക്കി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ എറിന്‍ അറസ്റ്റിലായി. കുട്ടികളുടെ സംരംക്ഷണം സംബന്ധിച്ചു നിലവിലുള്ള നാലു ചട്ടങ്ങള്‍ ലംഘിച്ചെന്നു വ്യക്തമായതിനാലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.
















