പുതുവര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍ (UCEED-2018) ജനുവരി 20 ന് ദേശീയതലത്തില്‍ നടക്കും. ഐഐടി ബോംബെയാണ് ടെസ്റ്റ് നടത്തുന്നത്. ഈ അഭിരുചി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ബോംബെ, ഗുവഹാട്ടി എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടികള്‍), ജബല്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ് (ഐഐഐടിഡിഎം) 2018-19 വര്‍ഷം നടത്തുന്ന നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) കോഴ്സിലാണ് പ്രവേശനം.
യോഗ്യത: സയന്‍സ്, ആര്‍ട്സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ 2017 ല്‍ വിജയിച്ചവര്‍ക്കും 2018 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമക്കാര്‍ക്കും uceed2018 ന് അപേക്ഷിക്കാം. ഡ്രോയിംഗ് സ്കില്‍ അഭിലഷണീയം. ക്രിയേറ്റിവിറ്റി, വിഷ്വലൈസേഷന്‍, പ്രോബ്ലം സോള്‍വിംഗ് കഴിവുകളുണ്ടായിരിക്കണം. അപേക്ഷകര്‍ 1998 ഒക്ടോബര്‍ ഒന്നിനോ, അതിന് ശേഷമോ ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍, 1993 ഒക്ടോബര്‍ ഒന്നിനുശേഷം ജനിച്ചവരായാലും അപേക്ഷിക്കാവുന്നതാണ്.
രജിസ്ട്രേഷന് ഫീസ് പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും മറ്റുള്ളവര്‍ക്ക് 2000 രൂപയുമാണ്. ഇൗ തുകകള്‍ക്ക് സേവനനികുതികൂടി നല്‍കേണ്ടതുണ്ട്.
അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 9 മുതല്‍ www.uceed.iitb.ac.in എന്ന വെബ്സൈറ്റിലൂടെ നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് നവംബര്‍ 17 വരെ സമയമുണ്ട്. എന്നാല്‍ നവംബര്‍ 11 മുതല്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ 500 രൂപ ലേറ്റ്ഫീസായി അധികം നല്‍കണം. അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
‘യുസീഡ്-2018’ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റാണ്. ജനുവരി 20 ന് രാവിലെ 10 മുതല്‍ ഒരു മണിവരെയാണ് ടെസ്റ്റ്. വിഷ്വലൈസേഷന്‍ ആന്റ് സ്പേഷ്യല്‍ എബിലിറ്റി, ഒബ്സര്‍വേഷന്‍ ആന്റ് ഡിസൈന്‍ സെന്‍സിറ്റിവിറ്റി, എന്‍വയോണ്‍മെന്റല്‍ ആന്റ് സോഷ്യല്‍ അവയര്‍നസ്, അനലിറ്റിക്കല്‍ ആന്റ് ലോജിക്കല്‍ റീസണിംഗ്, ലാംഗ്വേജ് ആന്റ് ക്രിയേറ്റിവിറ്റി, ഡിസൈന്‍ തിങ്കിംഗ് ആന്റ് പ്രോബ്ലം സോള്‍വിംഗ് എന്നിവയില്‍ പ്രാഗല്ഭ്യം പരിശോധിക്കുന്ന 300 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും.
ന്യൂമെറിക്കല്‍ ആന്സര്ടൈപ്പ് (എന്‍എടി), മള്‍ട്ടിപ്പിള്‍ സെലക്ട് (എംഎസ്ക്യു), മള്‍ട്ടിപ്പിള്‍ ചോയിസ് (എംസിക്യു) രീതിയിലുള്ള ചോദ്യങ്ങള്‍ പരീക്ഷക്കുണ്ടാകും. എന്‍എടി, എംഎസ്ക്യു ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിയാലും നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല. എന്നാല്‍ എംസിക്യു ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്ത മാര്‍ക്കില്‍ കുറവുവരും. ആയതിനാല്‍ ജാഗ്രതയോടെ വേണം ടെസ്റ്റിനെ അഭിമുഖീകരിക്കേണ്ടത്.
തിരുവനന്തപുരം, തൃശൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, പൂനെ, നാഗ്പൂര്‍, ലക്നൗ, പാറ്റ്ന, ഭോപ്പാല്‍, ഭുവനേശ്വര്‍, ദല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത മുതലായ കേന്ദ്രങ്ങളില്‍വച്ചാണ് ടെസ്റ്റ് നടത്തുക. ഫെബ്രുവരി 18 ന് പരീക്ഷാഫലം പ്രഖ്യാപിക്കും.
UCEED-2018 മെരിറ്റ് ലിസ്റ്റില്‍നിന്നും 105 പേര്‍ക്ക് പ്രവേശനം ലഭിക്കും. ബിഡേസ് കോഴ്സില്‍ ഐഐടി ബോംബെയില്‍ 30 സീറ്റുകളും ഐഐടി ഗുവഹാട്ടിയില്‍ 45 സീറ്റുകളും ഐഐഐടി ജബല്പൂരില് 30 സീറ്റുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ www.uceed.iitb.ac.in എന്ന വെബ്സൈറ്റില്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: