പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട്
ഇടുക്കി: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം അതീവ സുരക്ഷാ മേഖലയില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പ്ലംജൂഡി റിസോര്‍ട്ട് പൂട്ടാന്‍ നല്‍കിയ സമയം ഇന്നലെ രാവിലെ അവസാനിച്ചിട്ടും റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാഭരണകൂടത്തിന് കഴിഞ്ഞില്ല. രണ്ടാം തവണയാണ് റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാകളക്ടര്‍ റിസോര്‍ട്ടിന് ഉത്തരവ് നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ പാറവീഴ്ചയെത്തുടര്‍ന്ന് താല്ക്കാലികമായി റിസോര്‍ട്ട് പൂട്ടിയെങ്കിലും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ ഇടപെട്ട് റിസോര്‍ട്ടിന് അനുമതി നല്‍കുകയായിരുന്നു.
ജൂണ്‍ 24ന് റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ അനുമതി നല്‍കി. ആഴ്ചകള്‍ക്കകം വീണ്ടും പാറവീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് ഒരു മാസം മുന്‍പ് റിസോര്‍ട്ട് പൂട്ടാന്‍ കളക്ടര്‍ ഉത്തരവ് നല്‍കി. റിസോര്‍ട്ട് ഉടമകള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങി റിസോര്‍ട്ട് പ്രവര്‍ത്തിച്ചു. കോടതിയുടെ അന്തിമ വിധിയില്‍ ജില്ലാദുരന്തനിവാരണ അതോറിട്ടി മേധാവിയായ കളക്ടറുടെ നിലപാട് ശരിവയ്‌ക്കുന്നതായിരുന്നു.
റിസോര്‍ട്ട് ഉടമകള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാകളക്ടര്‍ വീണ്ടും ഉത്തരവ് നല്‍കിയത്. റിസോര്‍ട്ട് ഇന്നലെയും പ്രവര്‍ത്തിച്ചു. ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് വരുന്നത് വരെ റിസോര്‍ട്ട് പ്രവര്‍ത്തിക്കട്ടെയെന്നാണ് ഇപ്പോള്‍ കളക്ടറെടുത്തിരിക്കുന്ന നിലപാട്. റിസോര്‍ട്ടുടമകളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തുന്ന ഒളിച്ചുകളിലാണ് ഇടയ്‌ക്കിടെ കളക്ടര്‍ ഇറക്കുന്ന നിരോധന ഉത്തരവുകളെന്ന ആക്ഷേപം ശക്തമാണ്. അപകടത്തില്‍പെടാനിടയുള്ള റിസോര്‍ട്ട് പൂട്ടി താമസക്കാരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റാന്‍ ജില്ലഭരണകൂടത്തിന് കഴിയാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടിയുമില്ല.
















