കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് കിട്ടിയ ചിത്രങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാതെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് പുലിവാലു പിടിച്ചു. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ജയില്‍ മോചിതരാക്കിയവരില്‍ ഒരാളെന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രവും, അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ഗാരിസന്റേതെന്ന പേരില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷോപ്പ് ചിത്രവുമാണ് വിവാദമായത്. വിമര്‍ശനവും പരിഹാസവും ഏറിയതോടെ എഫ്ബി പേജില്‍ നിന്ന് പോസ്റ്റുകള്‍ പിന്‍വലിച്ച് രാജീവ് തടിയൂരി.
ഷാര്‍ജാ ഭരണാധികാരിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജയില്‍ മോചിതരാക്കിയ ഒരാളെന്ന പേരില്‍ രാജീവ് പോസ്റ്റ് ചെയ്തത് കോഴിക്കോട് സ്വദേശിയുടെ ഫോട്ടോയാണ്. കോഴിക്കോട് സ്വദേശി നാട്ടിലേക്ക് പോന്നപ്പോള്‍ സുഹൃത്തുക്കള്‍ തമാശയായിട്ടാണ് ബാഗില്‍, ജയില്‍ മോചിതനായ ആളാണെന്ന തരത്തില്‍ എഴുതിച്ചേര്‍ത്തത്. മുഖ്യമന്ത്രിക്കും ഷാര്‍ജ ഭരണാധികാരിയെയും അഭിന്ദിച്ചുകൊണ്ടുള്ള വാചകങ്ങളുമുണ്ടായിരുന്നു. ഇത് സോഷ്യല്‍മീഡിയ വഴി പ്രചരിച്ചു. അടിക്കുറിപ്പ് ആവശ്യമില്ലെന്ന് പറഞ്ഞാണ് ഷെയര്‍ ചെയ്ത് കിട്ടിയ ഈ ചിത്രം രാജീവ് അതേപടി എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്.
അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസന്‍ 2016 മാര്‍ച്ചില്‍ വരച്ച രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ എന്ന പേരിലാണ് മറ്റൊരു വിവാദ ചിത്രം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യന്‍ മാധ്യമങ്ങളേയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു ഇത്. ചിത്രം ഫോട്ടോഷോപ്പാണെന്ന് തിരിച്ചറിയാതെ ബെന്‍ഗാരിസന്റെ കാര്‍ട്ടൂണെന്ന് പറഞ്ഞാണ് പോസ്റ്റ് ചെയ്തത്. പി. രാജീവനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ആദ്യചിത്രം തെറ്റിദ്ധാരണ പരത്തുന്നതിനാല്‍ പിന്‍വലിക്കുന്നുവെന്ന് ഖേദം പ്രകടിപ്പിച്ച രാജീവ് ബെന്‍ഗാരിസന്റേതെന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ചിട്ടില്ല.
















