കോട്ടയം: കെപിസിസി അദ്ധ്യക്ഷനെ നിശ്ചയിച്ച് കഴിയുന്നതോടെ സംസ്ഥാന കോണ്‍ഗ്രസിന്റെ നിയന്ത്രണം ഉമ്മന്‍ചാണ്ടിയുടെ കൈകളില്‍ എത്തിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ തലപ്പത്തേക്ക് ഉമ്മന്‍ചാണ്ടി എത്തില്ലെങ്കിലും തന്റെ വിശ്വസ്തരില്‍ ഒരാളെ പ്രസിഡന്റ് പദവിയില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പായി ഹൈക്കമാണ്ടിനെക്കൊണ്ട് പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള സമ്മര്‍ദ്ദങ്ങളാണ് ‘എ’ വിഭാഗം പയറ്റുന്നത്.
ജാതി-ഗ്രൂപ്പ് സമവാക്യങ്ങളടെ പരിഗണനയിലായിരിക്കും പുതിയ അദ്ധ്യക്ഷപ്രഖ്യാപനം. കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.ടി. തോമസ് എന്നിവരാണ് ഹൈക്കമാന്‍ണ്ടിന്റെ പരിഗണനയിലുള്ളത്. പി.ടി. തോമസ് സുധീരന്‍ പക്ഷക്കാരനാണ്. മനസ്സുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് തൃപ്തിയില്ല. കെ.വി. തോമസിനും, മുല്ലപ്പള്ളിക്കും കേന്ദ്ര നേതൃത്വത്തിലെ സ്വാധീനമാണ് തുണ. മുല്ലപ്പള്ളിക്ക് ജാതിസമവാക്യം വിനയാകും. കേന്ദ്രനേതൃത്വം അടിച്ചേല്‍പ്പിക്കല്‍ നടത്തില്ലെന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ചാണ്ടി. കേരളത്തിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ തന്റെ അഭിപ്രായങ്ങള്‍ക്ക് പരിഗണന ലഭിക്കുമെന്ന വിശ്വാസവും ചാണ്ടിക്കുണ്ട്. ഈ സാഹചര്യത്തില്‍ തര്‍ക്കത്തിന് ഇടവരുത്തി സമവായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ്. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ അടക്കമുള്ളവര്‍ പ്രസിഡന്റ് പദവിയില്‍ അവകാശവാദം ഉന്നയിച്ചതും ഇതിന്റെ ഭാഗമാണ്.
സമവായം ഉണ്ടായാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എയുമായ കെ.സി. ജോസഫ് ആയിരിക്കും ഉമ്മന്‍ചാണ്ടിയുടെ നോമിനി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസിക പിന്തുണയും ഇക്കാര്യത്തിലുണ്ട്. കെപിസിസി അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി എത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധി നാച്ചിയപ്പനോട് കെ.സി. ജോസഫാണ് എ ഗ്രൂപ്പ് പ്രതിനിധിയെന്ന വിവരം ഉമ്മന്‍ചാണ്ടി കൈമാറിക്കഴിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈവശമായതിനാല്‍ കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് കാര്യമായ മറ്റ് അവകാശവാദങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല. ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ക്ക് അനുസൃതമായാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ അത് ‘എ’ ഗ്രൂപ്പില്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം സ്വപ്‌നം കണ്ട നേതാക്കള്‍ക്കായിരിക്കും തിരിച്ചടിയാവുക.
സാമുദായിക പിന്‍ബലം അവകാശപ്പെട്ട് എ- ഗ്രൂപ്പിലെ ചിലര്‍ നടത്തിയ ചരടുവലികളൊക്കെ ഉമ്മന്‍ചാണ്ടി തടഞ്ഞിട്ടുണ്ട്. എല്ലാക്കാലത്തും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന കെ.സി. ജോസഫ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടാല്‍ പിന്നെ ചാണ്ടിയുടെ തീരുമാനങ്ങള്‍ക്ക് മറുവാക്കുണ്ടാകില്ല. ഏ.കെ. ആന്റണിയുമായി ദീര്‍ഘനാളത്തെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നേതാക്കളില്‍ പ്രമുഖനാണെന്നതും കെ.സി. ജോസഫിന് അനുകൂല ഘടകമാണ്. കോട്ടയം ജില്ലക്കാരനാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അഞ്ചാം തവണയും അദ്ദേഹം നിയമസഭയില്‍ എത്തിയത്.
വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോള്‍ താല്‍ക്കാലിക പ്രസിഡന്റായി നിയോഗിക്കപ്പെട്ടത് ‘എ’ വിഭാഗത്തിലെ എം.എം ഹസന്‍ ആണ്. എന്നാല്‍ ഹസന് കോണ്‍ഗ്രസിലെ എല്ലാവിഭാഗം നേതാക്കളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
















