ചാലക്കുടി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായ ബന്ധപ്പെട്ട് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. ഉദയഭാനുവില്‍നിന്നു രാജീവിനു ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവും രാജീവും ബന്ധപ്പെടുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ ഉദയഭാനു അഡ്വാന്‍സ് തുകയായി രാജീവിനു നല്‍കിയിരുന്നു. എന്നാല്‍ ഈ ഇടപാട് നടന്നില്ല. രാജീവ് പണം തിരികെ നല്‍കിയതുമില്ല. ഇതേതുടര്‍ന്ന് സി.പി.ഉദയഭാനുവില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ജൂണ്‍ മാസത്തിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി പോലീസ് സംരക്ഷണത്തിനു നിര്‍ദേശിച്ചില്ലെങ്കിലും തുടര്‍ന്നു ഭീഷണിയുണ്ടായാല്‍ നെടുമ്പാശേരി സിഐയെ സമീപിക്കാമെന്നു നിര്‍ദേശിച്ചു. ഇതിനുശേഷമാണ് രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
എന്നാല്‍ സംഭവത്തില്‍ തനിക്കു പങ്കില്ലെന്നും രാജീവിന്റെ പരാതി വ്യാജമാണെന്നുമാണ് സി.പി.ഉദയഭാനുവിന്റെ പ്രതികരണം. ഭൂമി ഇടപാടില്‍ രാജീവിനു പണം നല്‍കിയിരുന്നു. ഈ ഇടപാട് നടക്കാത്തതിനാല്‍ വഞ്ചനാക്കുറ്റത്തിന് രാജീവിനെതിരേ ആലുവ റൂറല്‍ എസ്പിക്കു പരാതി നല്‍കി. ഈ പരാതിയില്‍നിന്ന് ഒഴിവാകുന്നതിനുവേണ്ടി മാത്രമാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഉദയഭാനുവിന്റെ പ്രതികരണം.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന അങ്കമാലി നായത്തോട് വീരംപറന്പില്‍ രാജീവിനെയാണ് ചാലക്കുടി പരിയാരത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
















