ഗാന്ധിനഗര്‍(കോട്ടയം): കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റായിരുന്ന, ഇരുപത്തിനാലുകാരനായ ഹരിയാന സ്വദേശി അതുല്‍ കുമാര്‍ പവാര്‍ ഇനി ജീവിക്കുക സുബ്രഹ്മണ്യ ഭട്ടിലൂടെ. നാലു ദിവസം മുന്‍പ് കാറപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അതുലിന്റെ ഹൃദയം ഇന്നലെ എറണാകുളം ഉദയംപേരൂര്‍ സ്വദേശി സുബ്രഹ്മണ്യഭട്ടി (51)ല്‍ തുന്നിച്ചേര്‍ത്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ നാലാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയമായി. ലോക ഹൃദയ ദിനമായിരുന്നു ഇന്നലെ.
ഹരിയാന പഞ്ച്കുല സ്വദേശി രാജ്ബിര്‍ സിംഗ് പവാറിന്റെ മകനും അവിവാഹിതനുമായ അതുല്‍ കുമാര്‍ സുഹൃത്തുക്കളോടൊപ്പം വയനാട്ടില്‍ വന്നു മടങ്ങുകയായിരുന്നു. ഇവരുടെ വാഹനം 24 ന് രാത്രി ചാലക്കുടിയില്‍ വെച്ച് റോഡ് ഡിവൈഡറില്‍ത്തട്ടി മറിഞ്ഞു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതുലിന് മസ്തിഷക മരണം സംഭവിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജനുമായ ഡോ.ടി. കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 2003 മുതല്‍ ഹൃദ്രോഗത്തിന് ചികിത്സയിലാണ് ഭട്ട്. കഴിഞ്ഞവര്‍ഷം പേസ്‌മേക്കര്‍ പിടിപ്പിച്ചിരുന്നു. രണ്ടു പെണ്‍മക്കളും കാഴ്ചയില്ലാത്ത ഭാര്യയുമടങ്ങുന്നതാണ് കുടുംബം.
ഒ പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഹൃദയത്തിനായുള്ള കാത്തിരിപ്പ് ഇന്നലെ സഫലമായി. രാവിലെ 11.30ന് എറണാകുളത്തുനിന്നു പ്രത്യേക സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ ഹൃദയം മെഡിക്കല്‍ കോളേജിലെത്തിച്ചു. മൂന്നുമണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
ഡോക്ടര്‍മാരായ രതീഷ്, നിധീഷ്, ജോസഫ്, വിനീത, ശിവപ്രസാദ്, അനസ്റ്റീസ്റ്റുമാരായ ഡോ. എത്സമ്മ, തോമസ്, സജീവ് തമ്പി, പെര്‍ഫ്യൂഷനിസ്റ്റുമാരായ രാജേഷ് മുള്ളങ്കുഴി, മെല്‍വിന്‍, ടോണി, നഴ്‌സുമാരായ ലതികമ്മ, ബെറ്റി, ടിറ്റോ, ബിന്ദു, ബിനീഷ്, അജീഷ്, മനു സാങ്കേതിക വിദഗ്ധരായ രാഹുല്‍, ഷിജി, ഗീത എന്നിവരാണ് ശാസ്ത്രക്രിയക്കു നേതൃത്വം നല്‍കിയത്.
നാവികസേനാ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ മരണാന്തര നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടാണ് അവയവദാനത്തിനു സാഹചര്യമൊരുക്കിയത്. ബെംഗളൂരുവിലെ നാവിക ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നല്‍കി. കരളും ഒരു വൃക്കയും ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കി.
















