ന്യൂയോര്‍ക്ക്: 2014ല്‍ പെഷവാറിലെ സൈനിക സ്കൂളില്‍ ആക്രമണം നടത്തിയ കേസില്‍ അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഭീകരനെ മോചിപ്പിക്കുന്നതിന് പകരമായി പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറാനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഭീകരന്റെ പേര് വെളിപ്പെടുത്താന്‍ ആസിഫ് തയ്യാറായില്ല. ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അഫ്ഗാന്‍ ജയിലിലുള്ള ഭീകരനെ വിട്ടുകിട്ടാന്‍ നമ്മുടെ കൈവശമുള്ള ഭീകരനെ (കുല്‍ഭൂഷന്‍ ജാദവ്) കൈമാറാം എന്നാണ് സുരക്ഷാ ഉപദേഷ്ടാവ് എന്നോട് പറഞ്ഞതെന്ന് ആസിഫ് വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും സംഘര്‍ഷവും കാരണം പാകിസ്ഥാനാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത്. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സമാധാനവും പുലരുന്നതിന് പാകിസ്ഥാനെക്കാള്‍ മറ്റൊരു രാജ്യത്തിനും ഒന്നും ചെയ്യാനാവില്ലെന്നും ഇന്ത്യയുടെ ഇടപെടലിനെ പേരെടുത്ത് സൂചിപ്പിക്കാതെ ആസിഫ് പറഞ്ഞു. അഫ്ഗാനില്‍ സ്ഥിതിഗതികള്‍ മോശമാവുകയാണ്. എന്നുകരുതി സൈനിക പരിഹാരമല്ല അവിടെ വേണ്ടത്. രാഷ്‌ട്രീയ പരിഹാരം കാണണം. അതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കാനാവുക പാകിസ്ഥാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















