ബാഗ്ദാദ് : 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണിനടിയാലായ പൈതൃക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്നതും, ഡ്രോണുകളില്‍ നിന്ന് ലഭിച്ച ചിത്രങ്ങളും ഉപയോഗിച്ച് ഗവേഷണം നടത്തിയാണ് ഈ നഗരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ബിസി 331ാം നൂറ്റാണ്ടില്‍ ഗ്രീക്ക് രാജാവായിരുന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തി നിര്‍മിച്ച ക്വലത്ഗ ദര്‍ബാദ് എന്ന നഗരമാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലെ ഡോ. ജോണ്‍ മാക്ഗിന്നിസിന്റെ നേതൃത്വത്തില്‍ 1960ലെ സിഐഎ രഹസ്യമായി സൂക്ഷിച്ചിരുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതാണ് ഗവേഷണത്തിലേക്ക് വഴി തുറന്നത്.
അതിനുശേഷം ഡ്രോണുകളുടെ സഹായത്താല്‍ ഇവയുടെ യഥാര്‍ത്ഥ സ്ഥാനം കണ്ടെത്തി ഔട്ട്‌ലൈന്‍ വരച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. കുര്‍ദ്ദിസ്ഥാനില്‍ നടത്തിയ തെരച്ചിലില്‍ ഗ്രീക്ക് ഭരണകാലത്തുണ്ടായിരുന്ന നാണയങ്ങളും, ഗ്രീക്ക്- റോമന്‍ ദൈവങ്ങളുടേയും മറ്റും നിരവധി പ്രതിമകളും കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ ഇറാഖി ഗവേഷകരാണ് തെരച്ചിലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2003ല്‍ യുഎസിന്റെ നേതൃത്വത്തില്‍ ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രദേശത്തെ പൈതൃക സ്മാരകങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കൂടാതെ ഐഎസിന്റെ ആക്രമണത്തില്‍ പല്‍മീറയും മൊസൂളില്‍ അല്‍ നൂറി പള്ളിയും നശിപ്പിക്കുകയും ചെയ്തിരുന്നു.
















