കോലഞ്ചേരി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അധീനതയിലായ വരിക്കോലി പള്ളി ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും പൂട്ടി. ആര്‍ഡിഒ എ.എ. ഷാജഹാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പള്ളി പൂട്ടിയത്.
പള്ളിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രേഖപ്പെടുത്തിയിരുന്ന പാത്രിയാര്‍ക്കീസ് ചിഹ്നം മാറ്റാന്‍ ശ്രമിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം സംബന്ധിച്ച് കഴിഞ്ഞ മൂന്നു ദിവസമായി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് പുത്തന്‍കുരിശ് സിഐ യേശുദാസ് മുമ്പാകെ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തി രമ്യതയിലെത്തിയിരുന്നു.
എന്നാല്‍, ഇന്നലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ പൗലോസ് ദ്വിദീയന്‍ കാത്തോലിക്ക ബാവ ആരാധനയ്‌ക്ക് ശേഷം വീണ്ടും ചിഹ്നം മാറ്റാന്‍ ശ്രമിച്ചു. ഇതോടെ സംഘര്‍ഷമായി. കത്തോലിക്കാ ബാവയെ തടഞ്ഞുവെയ്‌ക്കുകയും ചെയ്തു. ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈകിട്ട് 4.30 ഓടെ പോലീസ് സംരക്ഷണത്തില്‍ പള്ളിയില്‍ ഉണ്ടായിരുന്ന കാത്തോലിക്കാ ബാവ ഉള്‍പ്പെടെയുള്ള വിശ്വാസികളെ പുറത്തെത്തിച്ചു.
സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി പോലീസിന് ലാത്തി വീശേണ്ടി വന്നു. തുടര്‍ന്ന് ആര്‍ഡിഒ യുടെ നിര്‍ദ്ദേശപ്രകാരം പള്ളി താല്‍ക്കാലികമായി പൂട്ടുകയായിരുന്നു.
















