ആലപ്പുഴ: മന്ത്രിമാര്‍ തെറ്റു ചെയ്താല്‍ കുറ്റം സമ്മതിച്ച് ജനങ്ങള്‍ക്ക് കീഴടങ്ങണമെന്ന് മന്ത്രി ജി. സുധാകരന്‍. ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അറിഞ്ഞുകൊണ്ട് ഒരിക്കലും തെറ്റ് ചെയ്യാന്‍ പാടില്ല. ഭരണഘടനാ വിരുദ്ധമായോ ചട്ടം ലംഘിച്ചോ പ്രവര്‍ത്തിക്കരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരടക്കം വന്‍ കോഴ വാങ്ങിയാണ് പൊതുമരാമത്ത് റോഡുകള്‍ വെട്ടിപ്പൊളിച്ച് സ്വകാര്യ കമ്പനികളുടെ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. ദോശ ചുടുന്ന പോലെയാണ് മന്ത്രിമാര്‍ ഇതിനായി ഉത്തരവിറക്കിയത്. റോഡുകള്‍ ഇങ്ങനെ വെട്ടിപ്പൊളിക്കാന്‍ ഇടതുസര്‍ക്കാര്‍ അനുവദിക്കില്ല.
കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ പൊതുമരാമത്ത് വകുപ്പിന് തുക അടക്കണം. പണം കെട്ടിവെക്കാത്തത് കൊണ്ടാണ് കഴിഞ്ഞ ദിവസം റോഡ് വെട്ടിപ്പൊളിച്ച വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെ അപമാനിക്കാന്‍ വാട്ടര്‍ അതോരിറ്റി ജീവനക്കാരെ അനുവദിക്കില്ലന്നും മന്ത്രി വ്യക്തമാക്കി. കെ. എന്‍. ചന്ദ്രബാബു അധ്യക്ഷനായി.
















