തൊടുപുഴ: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ വെള്ളിയാമറ്റം കൈപ്പയിലുള്ള വസ്തുവിലെ തടി വെട്ടി വില്‍ക്കാനുള്ള നീക്കം കാഞ്ഞാര്‍ പോലീസ് തടഞ്ഞു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വസ്തുവില്‍ നിന്ന ആഞ്ഞിലി, പ്ലാവ്, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
ഉടന്‍ തന്നെ കാഞ്ഞാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചപ്പോള്‍ നീലൂര്‍ സ്വദേശി ജോസ് ആന്റണിയാണ് തടിവെട്ടി വില്‍ക്കാന്‍ ശ്രമം നടത്തിയതെന്ന് വ്യക്തമായി. ഇയാളെയാണ് ദിലീപ് വസ്തു നോക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ദിലീപിന്റെ ബന്ധുക്കളുമായി പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോള്‍ അനുമതിയോടെയാണ് തടികള്‍ വില്‍ക്കുന്നതെന്ന് അറിയിച്ചു. വെട്ടിയിട്ട മരങ്ങള്‍ നീക്കുന്നതിനെതിരെ നാട്ടുകാര്‍ ശക്തമായ നിലപാടെടുത്തോടെ മരം വെട്ടുന്നത് നിര്‍ത്തിവയ്‌പ്പിച്ചു.
നാലേക്കറോളം വസ്തുവാണ് വെള്ളിയമാറ്റം വില്ലേജില്‍ ദിലീപിനുള്ളത്. വസ്തു കൈയേറ്റഭൂമിയാണെന്ന് ആരോപണത്തെത്തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് റവന്യൂസംഘം ഭൂമി അളന്നിരുന്നു.
















