കൊച്ചി: സംസ്ഥാനത്ത് കാണാതായവരുടെ സമ്പാദ്യം സര്‍ക്കാര്‍ കണ്ടുകെട്ടുന്നത് ബന്ധുക്കള്‍ക്ക് തിരിച്ചടിയാകുന്നു. ജോലിയിലിരിക്കെ കാണാതായവരുടെ സമ്പാദ്യമാണ് മക്കള്‍ക്ക് കിട്ടാതെ വരുന്നത്.
കാണാതായി ഏഴുവര്‍ഷം കഴിഞ്ഞാല്‍ കേസുകള്‍ എഴുതിത്തള്ളും. ഇങ്ങനെ ചെയ്യുമ്പോള്‍ ബന്ധുക്കള്‍ സത്യവാങ്മൂലം നല്‍കണം. ഇതിന് ചെലവേറെയാണ്. അതിനാല്‍ ബന്ധുക്കള്‍ മടക്കും. ഈ അവസരം മുതലെടുത്ത് കാണാതായ ഭൂരിഭാഗം പേരുടെയും സമ്പാദ്യം സര്‍ക്കാറിലേക്ക് കണ്ടുകെട്ടുകയാണ്. ഇതിന് നിയമമുണ്ടെന്നാണ് അവകാശവാദം.
സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരനായ കോട്ടയം താഴത്തങ്ങാടി തളിക്കോട്ട ശ്രീകൃഷ്ണനിവാസില്‍ രാമകൃഷ്ണക്കുറുപ്പിനെ കാണാതായിട്ട് 10 വര്‍ഷം പിന്നിട്ടു. അദ്ദേഹത്തിന്റെ വസ്തുവകകളും ഈ രീതിയില്‍ ബന്ധുക്കള്‍ക്ക് നഷ്ടപ്പെട്ടു. 2007 സപ്തബര്‍ 22നാണ് രാമകൃഷ്ണക്കുറുപ്പിനെ കാണാതായത്.
കാണാതായ പിറ്റേന്ന് തന്നെ കോട്ടയം വെസ്റ്റ് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍, ഇതുവരെ കണ്ടെത്താന്‍ പോലീസിനായില്ല. രാമകൃഷ്ണക്കുറുപ്പിനെ കാണാത്ത വിഷമത്തില്‍ ഭാര്യ രാജമ്മ മരിച്ചു. ഇതോടെ കുറുപ്പിന് ലഭിക്കേണ്ട ഒരാനുകൂല്യവും സമ്പാദ്യവും ബന്ധുക്കള്‍ക്ക് ലഭിക്കാത്ത സ്ഥിതിയായി. പതിറ്റാണ്ടുകള്‍ ജോലി ചെയ്ത് നിക്ഷേപിച്ച തുക കുടുംബത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാകണമെന്നാണാവശ്യമുയരുന്നത്.
















