തിരുവനന്തപുരം: സ്വന്തം റിസോര്‍ട്ടിലെ വരുമാനം വര്‍ധിപ്പിക്കാന്‍ ദക്ഷിണേന്ത്യയിലെ ഗതാഗതമന്ത്രിമാരുടെ യോഗം മന്ത്രി തോമസ് ചാണ്ടി നടത്തിയത് ലേക്ക് പാലസ് റിസോര്‍ട്ടില്‍. സര്‍ക്കാര്‍ വക ഹോട്ടലുകള്‍ നിരവധിയുള്ളപ്പോഴാണ് കഴിഞ്ഞമാസം സ്വന്തം റിസോര്‍ട്ടില്‍ യോഗം നടത്തിയത്.
റിസോര്‍ട്ടിന്റെ വാടകഇനത്തിലും ഭക്ഷണഇനത്തിലും ഇതിലൂടെ ലഭിച്ചത് ലക്ഷങ്ങള്‍.
കെഎസ്ആര്‍ടിസിക്ക് മറ്റുസംസ്ഥാനങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നതിനായുള്ള പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്. തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ഗതാഗത മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. തെലുങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ യോഗത്തിന് എത്തിയിരുന്നില്ല.
തിരുവനന്തപുരത്ത് നടത്തേണ്ട യോഗമാണ് മന്ത്രി ആലപ്പുഴയിലെ സ്വന്തം റിസോര്‍ട്ടിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് കെടിഡിസി വക പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്.
നഗരത്തിലെ മാസ്ക്കറ്റ് ഹോട്ടലിലോ കോവളത്തെ കെടിഡിസി വക ഹോട്ടലിലോ ആണ് സര്‍ക്കാര്‍ യോഗങ്ങള്‍ നടക്കാറ്. യോഗം നടന്നിരുന്നെങ്കില്‍ റൂം വാടക, ഭക്ഷണം എന്നീ ഇനത്തില്‍ നല്ലൊരു തുക കെടിഡിസിക്ക് വരുമാനമായി ലഭിക്കുമായിരുന്നു. അതിഥികളുടെ യാത്രയ്ക്കും തിരുവനന്തപുരത്തായിരുന്നു കൂടുതല്‍ സൗകര്യം.
എന്നാല്‍ ഇതെല്ലാം ഒഴിവാക്കിയാണ് സ്വന്തം റിസോര്‍ട്ടില്‍ മന്ത്രി യോഗം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് ജീവനക്കാരെല്ലാം യോഗത്തിനു വേണ്ടി ആലപ്പുഴയിലേക്ക് പോകേണ്ടിവന്നു. മന്ത്രി നേട്ടമുണ്ടാക്കിയപ്പോള്‍ നഷ്ടം സര്‍ക്കാരിന്. കെടിഡിസിക്ക് കിട്ടേണ്ട വരുമാനം നഷ്ടമായതു കൂടാതെ യോഗത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് യാത്രാബത്തയും മറ്റ് അലവന്‍സുകളും നല്കേണ്ടതായും വന്നു.
















