വിളപ്പില്‍: കനത്ത മഴ വിളപ്പില്‍ പഞ്ചായത്തില്‍ വ്യാപക നാശം വിതച്ചു. പലയിടത്തും കൃഷി നാശവും വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് അപകടങ്ങളും സംഭവിച്ചു. വിളപ്പില്‍ ചൊവ്വള്ളൂരില്‍ പുല്ല് മേഞ്ഞ് നില്‍ക്കുകയായിരുന്ന രണ്ട് പശുക്കള്‍ക്ക് മേല്‍ വൈദ്യുതകമ്പി പൊട്ടിവീണു. വൈദ്യുതാഘാതമേറ്റ പശുക്കള്‍ രണ്ടും തത്ക്ഷണം പിടഞ്ഞു ചത്തു. ചൊവ്വള്ളൂര്‍ കിഴക്കേക്കുന്ന് ചരുവിള വീട്ടില്‍ ഇവാന്‍സ് എന്ന വികലാംഗ സ്ത്രീയുടെ പശുക്കളാണ് ഷോക്കേറ്റ് ചത്തത്.
മലപ്പനംകോട് തെക്കുമലയില്‍ വന്‍മരം കടപുഴകി വൈദ്യുത തൂണിനുമേല്‍ പതിച്ചു. വടക്കേ ജംഗ്ഷന്‍ എള്ളുവിളയില്‍ മണ്ട പോയി നിന്ന തെങ്ങ് വൈദ്യുത ലൈനിലേക്ക് പതിച്ച് വൈദ്യുത തൂണ്‍ ഒടിഞ്ഞു വീണു. ഇവിടെ റോഡില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. കരുവിലാഞ്ചി, പനയംകോട്, ചൊവ്വള്ളൂര്‍, കാവുവിള, വിട്ടിയം, പിറയില്‍ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനിന്ന് കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പച്ചക്കറി, വാഴ കൃഷികളെയാണ് ശക്തമായ കാറ്റും മഴയും ഏറെ ബാധിച്ചത്.
















