തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമ,സിനിമാ രംഗത്തെ സ്ത്രീകള്‍ നടത്തിയ പൊതുയോഗവും ഒപ്പുശേഖരണവും വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.നടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബാനറില്‍ ഒപ്പിട്ടുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.റോള്‍ മോഡലാകേണ്ട കലാ സാംസ്‌കാരിക മേഖലയില്‍ നിന്നു തന്നെ അരുതായ്‌മകള്‍ ഉണ്ടാകുന്നത് അപകടകരമായ പ്രവണതയാണ്. ക്രൂരമായ അതിക്രമത്തിനിരയായ നടിക്ക് നീതീ ലഭ്യമായില്ലെന്നു മാത്രമല്ല അവരെ വീണ്ടും ചിലര്‍ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആരാന്റമ്മയ്‌ക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേല് എന്നു പറയുന്നതുപോലെയാണ് ചില ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞങ്ങള്‍ക്കും പറയാനുണ്ട്, അവള്‍ക്കൊപ്പം ‘എന്ന പേരിലാണ് യോഗം സംഘടിപ്പിച്ചത്.
കെപിസിസി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എം.സുധീരന്‍ ,സി എസ് സുജാത,ജെ.ദേവിക,സംവിധായിക വിധു വിന്‍സെന്റ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, സ്ത്രീകൂട്ടായ്‌മ ,വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്നിവ സംയുക്തമായാണ് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്.
















