ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യയുടെ വ്യോമസേനയെ ഐതിഹാസികമായ വിജയത്തിലേക്ക് നയിച്ച വ്യോമസേനാ മാര്‍ഷല്‍ അര്‍ജാന്‍ സിങ് അന്തരിച്ചു. 98 വയസ്സായിരുന്നു. ദല്‍ഹിയിലെ കരസേനാ ആശുപത്രിയിലായിരുന്നു അന്ത്യം.
1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, അന്ന് 44കാരനായിരുന്ന അര്‍ജാന്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യോമസേനയെ വിജയത്തിലേക്ക് നയിച്ചത്. കരസേനയിലെ ഫീല്‍ഡ് മാര്‍ഷലിന് തുല്യമായ മാര്‍ഷല്‍ പദവി നല്‍കിയാണ് വ്യോമസേന അര്‍ജാന്‍ സിങിനെ ആദരിച്ചത്.
ഇന്നലെ രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മാര്‍ഷലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുംപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ആശുപത്രിയിലെത്തി മാര്‍ഷലിനെ സന്ദര്‍ശിച്ചു. വ്യോമസേനാ മേധാവി ബി.എസ് ധഹാസും ആശുപത്രിയിലെത്തി. മാര്‍ഷലിന്റെ കുടുംബാംഗങ്ങളെ നരേന്ദ്രമോദി ആശ്വസിപ്പിച്ചു.
1969ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച അദ്ദേഹം 60 തരത്തിലുള്ള യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. വ്യോമസേനയുടെ ബംഗാളിലെ വ്യോമ ആസ്ഥാനത്തിന്റെ പേരും അര്‍ജാന്‍ സിങ് എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ എന്നാണ്.
അര്‍ജാന്‍ സിങ് അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന് ദല്‍ഹിയിലെ റിസര്‍ച്ച് ആന്റി റഫറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി വരുന്നതായും വ്യോമസേനയുടെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
















