റോം: അടുത്തിടെ അമേരിക്കയില്‍ വന്‍നാശം വിതച്ച ഇര്‍മ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണം ചെകുത്താനാണെന്ന് ഇറ്റാലിയന്‍ പുരോഹിതന്‍. യുദ്ധക്കൊതിയനായ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ഉയര്‍ച്ചക്കും ചെകുത്താനാണ് കാരണം.
കത്തോലിക്കാ സഭയിലെ പ്രമുഖ പ്രേതോച്ചാടകന്‍ കൂടിയായ ഡോണ്‍ അന്റോണിയോ മറ്റാറ്റെല്ലി പറഞ്ഞു. ബൈബിളിലെ വെളിപാടു പുസ്തകത്തില്‍ പറയുന്നതുപോലെയുള്ള വിനാശത്തിന്റെ സൂചനകളാണ് കൊടുങ്കാറ്റും ഭൂമിയെ വിറപ്പിച്ച വെള്ളപ്പൊക്കവുമെന്നും മറ്റാറ്റെല്ലിക്ക് ഉറപ്പുണ്ട്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്രേതോച്ചാടകനാണത്രേ മറ്റാറ്റെല്ലി. സമീപകാലത്ത് ഇറ്റലിയിലും വലിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിരുന്നു.
വെള്ളപ്പൊക്കവും ഭൂമികുലുക്കവും പോലുള്ള ഇൗ പ്രകൃതിദുരന്തങ്ങള്‍ ലോകാവസാനത്തിന്റെ സൂചനയാണ്. നാം ആധുനികതയുടെ അന്ത്യത്തില്‍ എത്തിയിരിക്കുന്നു. ഭാവിയില്‍ ഇനി പ്രതീക്ഷയില്ല. അദ്ദേഹം പറയുന്നു. ഇന്റര്‍നെറ്റില്‍ ചെകുത്താനുണ്ട്. ഓണ്‍ലൈനായും നമ്മില്‍ ചെകുത്താന്‍ ആവേശിക്കാം. ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ്ങ് ഒന്നിന്റെ ദേഹത്ത് കടന്നുകൂടിയ ബാധയെ ഒഴിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു.
അയാള്‍ക്കു പിന്നില്‍ ചെകുത്താനാണെന്നു തീര്‍ച്ച. ഉത്തരകൊറിയയില്‍ വിലക്കപ്പെട്ട മതങ്ങളാണ്. ദൈവത്തിനു പകരം നേതാവിനെ ആരാധിക്കുകയാണ്. അങ്ങകലെ നിന്ന് കിം ജോങ് ഉന്നില്‍ നിന്ന് ബാധയെ ഒഴിപ്പിക്കാന്‍ എനിക്ക് കഴിയും. പീയൂസ് പന്ത്രണ്ടാമന്‍ അങ്ങനെയാണ് ഹിറ്റ്‌ലറുടെ ബാധയൊഴിപ്പിച്ചത്.
















