ചാക്ക: പഴയ ചാക്ക ഈഞ്ചയ്‌ക്കല്‍ സര്‍വീസ് റോഡ് പുനഃസ്ഥാപിക്കണമെന്ന്്് ചാക്ക ആലുംമൂട്ടില്‍ റസിഡന്റ്‌സ് അസോസിയേഷന്‍. ഈ റോഡ് അടച്ചാണ് റാംബില്‍ നിന്നു വിമാനത്താവളത്തിലേക്കുള്ള ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടെ എയര്‍പോര്‍ട്ടിനു സമീപത്തെ വീടുകളിലെ താമസക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട സ്ഥിതിയാണ്. ഫ്‌ളൈ ഓവര്‍ വന്നതോടെ ഇരുവശത്തേക്കുമുള്ള പാത അടഞ്ഞെന്നു മാത്രമല്ല വീടുകളില്‍ വെള്ളക്കെട്ടുമായി.ചെറിയ മഴയില്‍ തന്നെ വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. റാംബിലെ വെള്ളവും ഈ ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള വഴി അടഞ്ഞത് പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും പണി പൂര്‍ത്തിയാകുന്ന മാളിലേക്കും നൂറുകണക്കിനു വാഹനങ്ങള്‍ എത്തുമെന്നാണ് വിലയിരുത്തല്‍.ഇതോടെ ചാക്ക ബൈപാസ് റോഡിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കും. അടിയന്തരഘട്ടത്തില്‍ പ്രദേശവാസികള്‍ക്ക് പുറത്തേക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. റാംബ് നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വിമാനത്താവളത്തിലേക്ക് തിരിയുന്ന ഭാഗം പൊളിച്ച് അണ്ടര്‍പ്പാസാക്കി മാറ്റി സര്‍വീസ് റോഡ് പുനര്‍ നിര്‍മ്മിക്കണമെന്നാണ് ആവശ്യം.
















