തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്നുച്ചയ്‌ക്ക് 12 ന് കോവളം കെറ്റിഡിസി സമുദ്ര ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ഐഎംഎയുടെ ദേശീയ നേതാക്കളായ ഡോ രവി വാങ്കഡേക്കര്‍, ഡോ വി.കെ. മോംഗ, ഡോ മാര്‍ത്താണ്ട പിള്ള, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ വി.ജി. പ്രദീപ് കുമാര്‍, തിരുവനന്തപുരം ഐഎംഎ പ്രസിഡന്റ് ഡോ ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
വൈകിട്ടു നടക്കുന്ന ഐഎംഎയുടെ ഫെലോഷിപ്പ് ബിരുദമായ എഫ്‌സിജിബി ബിരുദദാനച്ചടങ്ങ് ആരോഗ്യ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ എം.കെ.സി. നായര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന ഐഎംഎ നേതാക്കളും പങ്കെടുക്കും. ഇന്നും നാളെയുമായി നടക്കുന്ന ദേശീയ കോണ്‍ഫറന്‍സില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ എങ്ങനെ വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കാം എന്നതിനെ ആസ്പദമാക്കി ഇന്നുച്ചയ്‌ക്ക് 2 ന് ട്രോമ കെയര്‍ ഇന്റര്‍നാഷണല്‍ ടെലി കോണ്‍ഫറന്‍സും സംഘടിപ്പിക്കും.
















