പെണ്‍കുഞ്ഞിന് പൊതിച്ചോറ്
തിരുവനന്തപുരം: നിങ്ങളുടെ ഒരുപൊതിച്ചോറ് ഒരു പക്ഷേ ഒരു പെണ്‍കുട്ടിയുടെ ഭാവി നിര്‍ണയിക്കാം. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ തദ്ദേശഭരണത്തിലേക്കുള്ള യാത്രയില്‍ പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നു. സപ്തംബര്‍ 19, 22, 26 തീയതികളില്‍ ഒരുപൊതിച്ചോറ് നല്‍കി പെണ്‍കുഞ്ഞിനൊരു പൊതിച്ചോറ് പെണ്‍കുട്ടിക്കൊരു കൈത്താങ്ങ് പദ്ധതിയില്‍ പങ്കാളിയാകൂ എന്ന്.
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2017 ജനുവരി ഒന്നിനും ആഗസ്റ്റ് 30നും ഇടയ്‌ക്ക് ജനിച്ച 168 പെണ്‍കുട്ടികള്‍ക്ക് ഭാരത് സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന സമ്പാദ്യപദ്ധതിയില്‍ ആദ്യനിക്ഷേപമായ ആയിരം രൂപ നല്‍കി തുടക്കമിട്ടുകൊടുക്കാനാണ് പൊതുജനങ്ങളില്‍ നിന്ന് ഒരു പൊതിച്ചോറ് ആവശ്യപ്പെടുന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. പദ്ധതി ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഒരുലക്ഷത്തിഅറുപത്തി എണ്ണായിരം രൂപ കണ്ടെത്തുകയും വേണം. ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശത്തെ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ അന്‍പതോളം ഓഫീസുകളിലെ ജീവനക്കാര്‍ എന്നിവരോട് ഒരുദിവസം ഉച്ചഭക്ഷണത്തിന് ഹോട്ടലില്‍ ചെലവിടുന്ന 100 രൂപയാണ് ആവശ്യപ്പെടുന്നത്.
ഭക്ഷണം അംഗന്‍വാടി വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് സമാഹരിക്കും. ഗ്രാമപഞ്ചായത്ത് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ അംഗന്‍വാടികളില്‍ നിന്നു ശേഖരിച്ച് ഉച്ചയ്‌ക്ക് ഒരു മണിക്ക് മുമ്പായി സ്ഥാപനങ്ങളില്‍ നല്‍കി തുക വാങ്ങും. ഇങ്ങനെ ആയിരം പൊതിച്ചോറിലൂടെ ഒരുലക്ഷം രൂപയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ശ്രീകല പറഞ്ഞു. ബാലസൗഹൃദ തദ്ദേശഭരണ പ്രാരംഭപ്രവര്‍ത്തനത്തിന് തുടക്കമിടുന്ന സപ്തംബര്‍ 30 ന് കുട്ടികള്‍ക്ക് ആദ്യനിക്ഷേപം അടച്ചതിന്റെ പാസ്ബുക്ക് അമ്മമാര്‍ക്ക് കൈമാറും. ഇതോടൊപ്പം വിവിധ പരിപാടികളും ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്.
















