അയോധ്യ: രാമജന്മഭൂമിയുമായി ബന്ധപ്പെട്ട പ്രധാനപരാതിക്കാരനും നിര്‍മോഹി അഖാഡയിലെ മുഖ്യപുരോഹിതനുമായ മഹന്ത് ഭാസ്ക്കര്‍ ദാസ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 89 വയസായിരുന്നു.
ദീര്‍ഘനാളായി രോഗബാധിതനായിരുന്ന ഭാസ്ക്കര്‍ ദാസിനെ നെഞ്ചു വേദനയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ഫൈസാബാദിലെ ഹര്ഷന് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് അന്ത്യം സംഭവിച്ചു.
1929ല്‍ ഗോരഖ്പൂരിലെ റാണിദേ ഗ്രാമത്തിലാണ് ജനനം. അച്ഛന് ഭാഗവത് പാഥക്. 16ാം വയസിലാണ് ഹനുമാന് ഗഡിയില്‍ പൂജാരിയായത്.1946ല്‍ അയോധ്യയിലെത്തി. നിര്‍മോഹി അഖാഡയിലെ മഹന്ത് രഘുനാഥ് ദാസാണ് അയോധ്യയിലെ ഉടമസ്ഥാവകാശത്തിന് ആദ്യം ഹര്‍ജി നല്‍കിയത്.
സമീപത്തെ രം ഛബൂത്രയിലെ പൂജാരിയായിരുന്ന ഭാസ്ക്കര്‍ ദാസും കേസില്‍ കക്ഷി ചേരുകയായിരുന്നു. 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന് മുഴുവന്‍ രാമജന്മഭൂമിയുടേയും അവകാശം തേടി ഭാസ്ക്കര്ദാസ് ഹര്‍ജി നല്കി. ഈ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹര്ജിക്കാരന് മരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന് മഹന്ത് രാംദാസ് കേസ് നടത്തിപ്പ് തുടരും.
















