പോത്തന്‍കോട്: ദല്‍ഹി സുലഭ് സ്‌കൂള്‍ സാനിറ്റേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 18, 19 തീയതികളില്‍ നാഷണല്‍ വാഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മഹാത്മാഗാന്ധിയുടെ 109-ാം ജന്‍മദിനത്തോടനുബന്ധിച്ചുള്ള സ്വപനപദ്ധതിയായ ക്ലീന്‍ ഇന്ത്യ എന്ന സ്വച്ഛഭാരത് പരിപാടിയുടെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
സുലഭ് സ്‌കൂള്‍ സാനിറ്റേഷന്‍ ക്ലബ് ദല്‍ഹി റാഫി മാര്‍ഗ് മവലങ്കാര്‍ ഹാളില്‍ നടത്തുന്ന നാഷണല്‍ കോണ്‍ക്ലേവില്‍ ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ എം. ജാന്‍വി, തീര്‍ഥ സുനില്‍, എം.എസ്. ലക്ഷ്മി തുടങ്ങിയവരും അധ്യാപികയായ എസ്.എല്‍. സൗധാമിനിയും കേരളത്തെ പ്രതിനിധാനം ചെയ്യും. 24 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കുന്ന കോണ്‍ക്ലവില്‍ ശുചീകരണം, സാമൂഹ്യപ്രതിബദ്ധത എന്നീ വിഷയളെ അടിസ്ഥാനമാക്കി ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തും. കൂടാതെ കേരളത്തിന്റെ സാംസ്‌കാരികചിഹ്നങ്ങളിലൊന്നായ മോഹിനിയാട്ടവും കോണ്‍ക്ലേവില്‍ ശാന്തിഗിരി വിദ്യാഭവന്‍ വിദ്യാര്‍ഥിനികള്‍ അവതരിപ്പിക്കും.
ശുചിത്വ വത്ക്കരണത്തിന്റെ ഭാഗമായി ശാന്തിഗിരി വിദ്യാഭവനില്‍ നാപ്കിന്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ആദ്യഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും പിന്നീട് പരിസരവാസികളായ സ്ത്രീകള്‍ക്കും പരിശീലനം നല്‍കും.
















