പനാജി: മരുന്ന് മാഫിയയില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ഗോവ മന്ത്രി വിനോദ് പലേക്കര്‍. ഇതിനെ തുടര്‍ന്ന് സംസ്ഥാന സുരക്ഷ കമ്മിറ്റി പോലീസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് തേടി.
ഒരു പ്രാദേശിക ചാനലിനോടാണ് ജീവന് ഭീഷണിയുണ്ടെന്ന് ജലവിഭവ മന്ത്രിയായ വിനോദ് പലേക്കര്‍ വെളിപ്പെടുത്തിയത്. രാവിലെ കടല്ത്തീരത്തുകൂടിയുളള നടത്തത്തിനിടയ്ക്ക് സ്ഥിരമായി ചിലര്‍ പിന്തുടരാറുണ്ട്. സംസ്ഥാനത്തെ മരുന്ന് മാഫിയ തന്നെ ലക്ഷ്യമിടുകയാണെന്ന് മന്ത്രി പറഞ്ഞു.
മറ്റുമന്ത്രിമാരെ പോലെ പലേക്കര്‍ക്കും സുരക്ഷ നല്‍കുന്നുണ്ട്. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം സുരക്ഷാക്രമീകരങ്ങള്‍ പുനപരിശോധിക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ഉമേഷ് ഗോയങ്കര്‍ പറഞ്ഞു.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി)അംഗമായ വിനോദ് പലേക്കര്‍ സിയോലിം മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
പലേക്കര്ക്കുളള ഭീഷണി ഗുരുതരമാണെന്നും പോലീസ് അന്വേഷിക്കണമെന്നും ജിഎഫ്പിയുടെ മുഖ്യ വക്താവ് ട്രജാനോ ഡി മെല്ലോ പറഞ്ഞു.
















