പാരിപ്പള്ളി: പാരിപ്പള്ളി മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം പതിനായിരത്തോളം രൂപയുടെ വ്യാപാരസാധനങ്ങള്‍ മോഷണം പോയി. മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരികളായ തങ്കമ്മ, ഉഷാകുമാരി, ഷണ്‍മുഖന്‍, സന്തോഷ് എന്നിവരുടെ സാധനങ്ങളാണ് മോഷണം പോയത്.
മാര്‍ക്കറ്റിനുള്ളില്‍ വ്യാപാരശേഷം സൂക്ഷിച്ചിരുന്ന മുട്ടയും പച്ചക്കറികളുമടങ്ങിയ കെട്ടുകളാണ് മോഷ്ടാക്കള്‍ ഇരുളിന്റെ മറവില്‍ അപഹരിച്ചത്. കല്ലുവാതുക്കല്‍ പഞ്ചായത്ത് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മാര്‍ക്കറ്റിനുള്ളിലും പുറത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഗുണമൊന്നുമില്ല. വ്യാപാരികള്‍ സ്ഥാപിച്ച ടാര്‍പ്പ മൂലം അവ മറഞ്ഞ നിലയിലാണ്. പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡ് മൂലവും കാമറകള്‍ നോക്കുക്കുത്തിയാണ്. നേരത്തെയും സമാന രീതിയില്‍ നിരവധി തവണ മോഷണം നടന്നിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
















