തലശ്ശേരി: പാലാ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി ഇരിട്ടി മുഴക്കുന്ന് വെള്ളമ്പാറയിലെ അശ്വന്തിന്റെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒക്ടോബര്‍ ആദ്യവാരം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സൈക്കിളില്‍ നിന്ന് വീണ് നിസ്സാര പരിക്കേറ്റ അശ്വന്ത് മരണപ്പെടാന്‍ കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നും ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കര്‍മസമിതിയുടെ ആവശ്യം. വെള്ളമ്പാറയില്‍ ശശികുമാര്‍-ഷിംന ദമ്പതികളുടെ ഏക മകനായ അശ്വന്തിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടാണ് കര്‍മസമിതി രംഗത്തെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 6 ന് സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ അശ്വന്തിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ജന്‍ ഡോ. പ്രദീപ് കുമാര്‍ അശ്വന്തിനെ പരിശോധിച്ച് പുറത്ത് കണ്ട മുറിവ് തുന്നിക്കെട്ടി കുഴപ്പമൊന്നുമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ എട്ടാം തീയതി അശ്വന്ത് മരണപ്പെട്ടു. മരണത്തില്‍ അപ്പോള്‍ത്തന്നെ സംശയം ഉന്നയിച്ച ബന്ധുക്കളോട് സയലന്റ് അറ്റാക്കാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് മരണകാരണം മുറിവിനുള്ളിലെ പഴുപ്പാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും കര്‍മസമിതിയും രംഗത്തെത്തിയത്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പോലീസ് അധികാരികള്‍ എന്നിവര്‍ക്ക് കര്‍മസമിതി നിവേദനം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ ആദ്യവാരം മുതല്‍ ആശുപത്രിക്ക് മുന്നില്‍ സമരം ആരംഭിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ അശ്വന്തിന്റെ പിതാവ് ശശികുമാര്‍, കര്‍മസമിതി ഭാരവാഹികളായ ബാബു ജോസ്, വി.മുരളിധരന്‍, കെ.സി രാമകൃഷ്ണന്‍ ,പി.കെ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
















