ന്യൂദല്‍ഹി: അരനൂറ്റാണ്ടായി ഇന്ത്യയില്‍ താമസിക്കുന്ന ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രം പൗരത്വം അനുവദിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രം ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ചക്മ, ഹജോങ് അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന് പ്രാധാന്യം നല്‍കുന്നതാണ്. ഇത്തരത്തില്‍ പൗരത്വം നല്‍കുന്നവരെ ഗോത്ര വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. 1964ല്‍ മതവുമായി ബന്ധപ്പെട്ട കലഹങ്ങളെ തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) നിന്നാണ് ഇവര്‍ അരുണാചലിലേക്ക് എത്തിയത്.
ഇത്രയേറെ വര്‍ഷമായെങ്കിലും ഇവര്‍ക്ക് ഗോത്ര വര്‍ഗ്ഗത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല.
ചക്മാസ് ബുദ്ധമത വിശ്വാസികളാണ്. ഹജോങ്‌സ് ഹിന്ദുക്കളും. അതേസമയം ഇവര്‍ക്ക് പൗരത്വം അനുവദിക്കുമ്പോള്‍ സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങള്‍ക്കുള്ള പ്രാധാന്യം കുറയുമെന്ന് അരുണാചല്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ യാത്രചെയ്യാനും. ജോലിക്കും, ഭൂമി അവകാശവും നല്‍കിക്കൊണ്ടാണ് കേന്ദ്രം ഇവര്‍ക്ക് പൗരത്വം അനുവദിക്കുന്നത്.
അസമിലെ ലുഷെയ് മല(ഇപ്പോള്‍ മിസോറാമിലാണ് ഈ പ്രദേശം) വഴിയാണ് അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ എത്തിയത്. 1964ല്‍ 5000 അഭയാര്‍ത്ഥികളാണ് ഇന്ത്യയില്‍ എത്തിയതെങ്കില്‍ 1969 ആയപ്പോള്‍ അത് ഒരു ലക്ഷമായി. 2015ല്‍ ചക്മാസ്, ഹജോങ്ങിന്റെ പൗരത്വവുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി 2015ല്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















