ചെന്നൈ: എഐഎഡിഎംകെയിലെ പടലപ്പിണക്കങ്ങള്‍ പുതിയ തലത്തിലെത്തിച്ച് ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി സെക്രട്ടറി ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. നടപടി അസാധുവെന്നും സര്‍ക്കാരിനെ മറിച്ചിടുമെന്നും ദിനകരന്‍ പ്രതികരിച്ചു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയൡതയെ എഐഎഡിഎംകെയുടെ സ്ഥിരം ജനറല്‍ സെക്രട്ടറിയായി നിയോഗിക്കാനും കൗണ്‍സില്‍ തീരുമാനിച്ചതായി യോഗ ശേഷം മന്ത്രി ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കോ-ഓര്‍ഡിനേറ്ററും പളനിസ്വാമി സഹ കോ-ഓര്‍ഡിനേറ്ററുമായ സമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക. എഐഎഡിഎംകെയുടെ 134 നിയമസഭാംഗങ്ങളില്‍ ദിനകരനൊപ്പം നില്‍ക്കുന്ന 18 പേരൊഴികെ എല്ലാവരും കൗണ്‍സിലിനെത്തി.
യോഗത്തിന്റെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. രണ്ടില ചിഹ്നത്തിന് അവകാശം ഉന്നയിക്കാനും യോഗം തീരുമാനിച്ചു. ജയലളിത നിയോഗിച്ച ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ യോഗം നിലനിര്‍ത്തി. ദിനകരന്‍ നിയോഗിച്ചവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ചെന്നൈയ്‌ക്കു സമീപം വാനഗരത്താണ് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നത്.
അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിന് വിധേയമാകും കൗണ്‍സില്‍ നടപടികള്‍. 24നാണ് ഇനി കേസ് പരിഗണിക്കുക. തിങ്കളാഴ്ച രാത്രി വരെ നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് കൗണ്‍സില്‍ ചേരാന്‍ അനുമതി ലഭിച്ചത്.
ദിനകരനൊപ്പം നില്‍ക്കുന്ന പി. വെട്രിവേല്‍ എംഎല്‍എയാണ് യോഗം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ശരിവച്ചു. എന്നാല്‍, യോഗ തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പളനിസ്വാമിയും പനീര്‍ശെല്‍വവും ചതിയന്മാരെന്നും ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാരിനെ വീഴ്‌ത്തുമെന്നും ദിനകരന്‍ പറഞ്ഞു. തങ്ങളെ സ്ഥാനങ്ങളില്‍ നിന്നു നീക്കാന്‍ ജയലളിതയ്‌ക്കു മാത്രമേ ആകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നാരോപിച്ച് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഗവര്‍ണറെ കണ്ടു. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ മാറി നിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഡിഎംകെയ്‌ക്ക് 89, സഖ്യകക്ഷിയായ കോണ്‍ഗ്രസിന് എട്ട്, മുസ്ലിം ലീഗിന് ഒരു അംഗമാണുള്ളത്.
















