കണ്ണൂര്‍: ടൂറിസം രംഗത്ത് മലബാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണ്ടല്ലൂര്‍ കാവില്‍ തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുച്ചയം പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹരിതപാരമ്പര്യത്തിന്റെ പ്രതീകങ്ങളായ കാവുകളും കായലുകളും ഉള്‍പ്പെടെ കൂട്ടിയിണക്കിയുള്ള 400 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് തയ്യാറാവുന്നത്. ജനകീയ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം പദ്ധതികളും തീര്‍ത്ഥാടന ടൂറിസം പദ്ധതികളും പ്രോത്സാഹിപ്പിച്ച് വരികയാണ്. ഉത്തരവാദിത്ത ടൂറിസം എന്ന രീതിയില്‍ ഒരു ടൂറിസം നയം തന്നെ രൂപീകരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് അണ്ടല്ലൂര്‍ കാവില്‍ 3.6 കോടി രൂപയുടെ പദ്ധതികള്‍ ഒരുക്കുന്നത്.
പി.കെ.ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവന്‍, ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.ബേബി സരോജം തുടങ്ങിയവര്‍ സംസാരിച്ചു.
















