മട്ടന്നൂര്‍: ശ്രീകൃഷ്ണന്റെ പിറകെപോയാല്‍ നീലത്തിമിംഗലത്തിന്റെ വായിലാണ് എത്തിപ്പെടുക എന്ന് പറഞ്ഞ് നടക്കുന്നവര്‍ നീലത്തിമിംഗലത്തിന്റെ വായില്‍ നിന്നും രക്ഷിക്കാനാണ് ശ്രീകൃഷ്ണാവതാരമെന്ന് മനസ്സിലാക്കണമെന്ന് സാഹിത്യകാരനും തപസ്യ ജില്ലാ അധ്യക്ഷനുമായ ഡോ. കൂമുള്ളി ശിവരാമന്‍. മട്ടന്നൂര്‍ ഇല്ലംമൂലയില്‍ ഗോപൂജക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണ്ട് ഒരാളുടെ സമ്പത്ത് കണക്കാക്കിയിരുന്നത് അയാള്‍ക്ക് എത്ര പശുക്കളുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. സിറിയയില്‍ നിന്നും വന്നതാണ് മഹാബലിയെന്നും വാമനാവതാരം ഭൂമാഫിയയാണെന്നുമാണ് ചിലര്‍ ഓണാഘോഷത്തെ വികലമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഭാരതീയമായ എല്ലാത്തിനേയും തളളിപ്പറഞ്ഞ് നമ്മുടെ സംസ്‌കാരത്തിന്റെ മൗലികതയെ ഇല്ലായ്‌മ ചെയ്യാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. നന്മയേയും, ധര്‍മ്മബോധത്തേയും തിരസ്‌ക്കരിക്കുന്ന ചര്‍ച്ചകളാണ് ചാനലുകളില്‍ നടക്കുന്നത്. നാടിനും വീടിനും കൊള്ളുന്നവരായി മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഇതാണ് ബാലഗോകുലം ലക്ഷ്യമിടുന്നതെന്നും പൂര്‍ണ്ണത തേടിപ്പോകുന്നവര്‍ അന്വേഷിച്ചെത്തുക ഭഗവാന്‍ ശ്രീകൃഷ്ണനിലേക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാര ജേതാവ് ഡോ.കൂമുള്ളി ശിവരാമന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സി.ആര്‍.കോമളവല്ലിടീച്ചര്‍, വൈദ്യുതാഘാതമേറ്റ സ്ത്രീയെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച കെഎസ്ഇബി ജീവനക്കാരന്‍ കെ.രാജന്‍, കുസാറ്റ് എന്‍ട്രസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിത സതീഷ്, ക്ഷീരകര്‍ഷകര്‍, എസ്എസ്എല്‍സി, പ്ലടു ഉന്നത വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.ആര്‍.കോമളവല്ലി, പി.വി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. കെ.ലിപിന്‍ സ്വാഗതവും പി.കെ.സദാനന്ദന്‍ നന്ദിയും പറഞ്ഞു
















