ചെന്നൈ : എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്യണമെന്ന ടിടിവി ദിനകരന്‍ പക്ഷത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷത്തെ എസ് വെട്രിവേല്‍ എംഎല്‍എയാണ് കോടതിയെ സമീപിച്ചത്.
അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് വെട്രിവേലിന് ഒരു ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് വിമര്‍ശിച്ച കോടതി യോഗത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്‌ക്കോ, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയ്‌ക്കോ മാത്രമേ അധികാരമുള്ളെന്നും, അതിനാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
















