ന്യൂദല്‍ഹി: പ്രശസ്ത അഭിഭാഷകന്‍ രാം ജേഠ്മലാനി തന്റെ അഭിഭാഷകവൃത്തിയ്‌ക്ക് അവസാനം കുറിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ദീപക് മിശ്രയെ ആദരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ജഠ്മലാനി താന്‍ പ്രാക്ടീസ് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
വിരമിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റിന് മുമ്ബില്‍ ഇനി കേസുകളുമായി ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പരിഗണനയില്‍ വന്ന ഒരു സര്‍വീസ് കേസുമായി ബന്ധപ്പെട്ടുള്ള വാദത്തിനിടെ ഇത് തന്റെ അവസാന കേസാണെന്ന് അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വിഖ്യാതമായ പല കേസുകളിലും അഭിഭാഷകനായി തിളങ്ങിയിട്ടുള്ള ജഠ്മലാനി നിലവില്‍ ബിഹാറില്‍ നിന്നുള്ള രാജ്യസഭാ അംഗം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വാജ് പേയി മന്ത്രിസഭയില്‍ അദ്ദേഹം ചുരുങ്ങിയകാലം നിയമമന്ത്രിയായിരുന്നു.
















