ഇരിട്ടി: തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാനപാതയിലെ കൂട്ടുപുഴ മുതല്‍ പെരുമ്പാടി ചെക്ക്പോസ്റ്റ്വരെ ഇരുപത് കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം വന്‍ അപകടക്കെണിയാവുകയാണ്. കണ്ണൂര്‍ ജില്ലയെ കര്‍ണാടകത്തിലെ കുടക് ജില്ലയുമായി ബന്ധിപ്പിക്കുന്ന ഈ കാനനപാതയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിലുണ്ടായത് ചെറുതും വലുതുമായ ആറോളം അപകടങ്ങള്‍. ഈ അപകടങ്ങളില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ എറ്റവുമൊടുവില്‍ ഇന്നലെ രാവിലെ ചരക്കുലോറി മറ്റൊരു ചരക്കുലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.
ആന്ധ്രയില്‍ നിന്നും കണ്ണൂരിലേക്ക് അരി കയറ്റിവരികയായിരുന്ന രണ്ടു ലോറികളാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ കൊടുംവളവിലെ ഇറക്കത്തില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ലോറിക്ക് പിന്നില്‍ പിന്നാലെ വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. നടുറോഡില്‍ കുറുകെ പെട്ടുപോയ ലോറി നാലുമണിക്കൂര്‍ നേരത്തെ ശ്രമത്തെത്തുടര്‍ന്ന് അല്‍പ്പം മാറ്റി ചെറിയ വാഹനങ്ങളെ കടത്തിവിട്ടുകൊണ്ട് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ആറ് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനായത്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചുരത്തിലെ വിവിധ ഇടങ്ങളിലായി രണ്ടു ടെമ്പോ ട്രാവലറുകള്‍, മൂന്നു കാറുകള്‍, ഒരു പിക്കപ്പ് വാന്‍ എന്നിവയും അപകടത്തില്‍പ്പെട്ടു. ഈ അപകടങ്ങളില്‍ ഇരുപത്തിയഞ്ചോളംപേര്‍ക്ക് പരിക്കേറ്റു.
നിത്യേന ബസ്സുകളടക്കം നൂറോളം സ്വകാര്യബസ്സുകളും ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ ബസ്സുകളും ഇതുവഴി കടന്നുപോകുന്നു. ഇത് കൂടാതെ ചെറുതും വലുതുമായ യാത്രാവാഹനങ്ങളും വലിയ ചരക്കുവാഹനങ്ങളും വേറെയും. രാത്രികാലങ്ങളില്‍ റോഡിലെ വെളിച്ചക്കുറവും കയറ്റവും ഇറക്കവും വലിയ ഹെയര്‍പിന്‍ വളവുകളു, കനത്ത മഴയില്‍ റോഡരികിലെ മണ്ണൊഴുകിപ്പോഴുണ്ടായ വന്‍ കുഴികളും റോഡ് പരിചയമില്ലാത്ത െ്രെഡവര്‍മാരും വാഹനങ്ങള്‍ നിയന്ത്രണം വിടുന്നതിനു പലപ്പോഴും കാരണമാവുന്നു.
കൂടാതെ ഈ പാതയില്‍ പതിനഞ്ചോളം കിലോമീറ്റര്‍ റോഡില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതും വൈദ്യുതീകരിക്കാത്ത പാതയില്‍ വെളിച്ചമില്ലാത്തതും അപകടത്തില്‍പ്പെടുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്തിന് പ്രയാസം സൃഷ്ടിക്കുന്നു. അപകടംമൂലം റോഡില്‍ തടസ്സമുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കിലോമീറ്ററുകള്‍ ഇപ്പുറത്തുള്ള ഇരിട്ടിയില്‍നിന്നും അഗ്നിശമനസേനാംഗങ്ങളോ ആംബുലന്‍സുകളോ എത്തണം. ഇതിനിടയില്‍ ഇരുഭാഗങ്ങളില്‍നിന്നും എത്തുന്ന വാഹനങ്ങളും യാത്രക്കാരും രാത്രികാലങ്ങളിലാണെങ്കില്‍ കൂരിരുട്ടില്‍ കൊടുംകാട്ടിനുള്ളില്‍ കഴിയേണ്ടിവരുന്നു എന്നതും ഈ റോഡിലൂടെയുള്ള യാത്രക്കാര്‍ക്ക് പലപ്പോഴും കുരുക്കാവുന്നു. തലശ്ശേരി-മൈസൂര്‍ പാത ദേശീയ പാതയാക്കുമെന്ന കേന്ദ്രമന്ത്രിയുടെ ഇതിനിടെ വന്ന പ്രഖ്യാപനം മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. അതേസമയം പതിറ്റാണ്ടുകളായി പറഞ്ഞു കേള്‍ക്കുകയും ഏറെ മുറവിളികൂട്ടുകയാണ് ചെയ്ത തലശ്ശേരി-മൈസൂര്‍ റയില്‍ പാതയുടെ കാര്യം എങ്ങുമെത്താതെ കിടക്കുകയാണ്.
മാക്കൂട്ടം ചുരത്തില്‍ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന വിവിധ അപകടങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: