ചെറുതോണി: അപകട ഭീഷണിയുയര്‍ത്തി വൈദ്യുതപോസ്റ്റ് കാറ്റിലാടുന്നു. വാസുപ്പാറ- കൊക്കരക്കുളം റോഡില്‍ വാസുപ്പാറയിലേക്ക് തിരിയുന്ന കുത്തനാപ്പിള്ളി കവലയിലാണ് കഴിഞ്ഞ ഒരുമാസമായി സദാസമയവും വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍ കാറ്റിലാടുന്നത്. ഒരുമാസം മുമ്പ് ഉണ്ടായ കനത്ത മഴയില്‍ വൈദ്യുതലൈന്‍ വലിച്ചിരിക്കുന്ന പോസ്റ്റ് ഇളകി അടിത്തറയിലെ മണ്ണ് മാറിപ്പോയതോടെ പോസ്റ്റ് നില്‍ക്കുന്നത് ലൈന്കമ്പിയുടെ ബലത്തിലാണ്.
വൈദ്യുതി ബോര്‍ഡിലെ വാഴത്തോപ്പ് മേജര്‍ സെക്ഷന്റെ കീഴിലുളള ഈ പ്രദേശം വാഴത്തോപ്പ് പഞ്ചായത്തിലാണ്. നൂറ്കണക്കിന് വിദ്യാര്‍ത്ഥികളും നിരവധി വാഹനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന കവലയിലാണ് വൈദ്യുതിപോസ്റ്റ് നില്‍ക്കുന്നത്. ലൈന്‍കമ്പി പൊട്ടിവീണാല്‍ വന്‍ദുരന്തത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പലതവണ അപകടഭീഷണി ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കൊക്കരക്കുളം, മണിയാറംകുടി, വട്ടമേട്, വാസുപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതിവിതരണം ഈ ലൈന്‍ വഴിയാണ്. പോസ്റ്റ് ബലമുള്ള അടിത്തറകെട്ടി നിലനിര്‍ത്തുകയോ മാറ്റിയിടുകയോ ചെയ്യാതെ വൈദ്യുതി ബോര്‍ഡ് മെല്ലെപ്പോക്കുനടത്തുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: